കൊച്ചി: ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുന്നു. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാര സമരമിരിക്കുക. 15 ദിവസത്തേക്കാണ് സമരം. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരായ കേസ് റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്നും ശ്രീധരന്‍ പിള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


നിരാഹാരസമരത്തിന് പുറമേ സംസ്ഥാനവ്യാപകമായി പഞ്ചായത്തുതലം മുതല്‍ ബി.ജെ.പി സമരപരിപാടികള്‍ സംഘടിപ്പിക്കും. ശബരിമലയെ സംരക്ഷിക്കുക എന്നാവശ്യവുമായി ഒരുകോടി ഒപ്പുശേഖരണം നടത്തും. പഞ്ചായത്ത് തലത്തില്‍ ഡിസംബര്‍ അഞ്ച് മുതല്‍ പത്തുവരെ അയ്യപ്പഭക്ത സദസ്സുകള്‍, ഓരോ പഞ്ചായത്തിലെയും അതതുപ്രദേശങ്ങളിലെയും ഗുരുസ്വാമിമാരെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളും ബി.ജെ.പി സംഘടിപ്പിക്കുമെന്ന് പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കി.


ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശാണ് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരപരിപാടികളുടെ കോര്‍ഡിനേറ്റര്‍. ജെ.ആര്‍. പത്മകുമാര്‍, സജീവ്, ശിവന്‍കുട്ടി എന്നിവര്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍മാരാണ്. ഡിസംബര്‍ 17 വരെയുള്ള സമരപരിപാടികള്‍ക്കാണ് നിലവില്‍ പാര്‍ട്ടി രൂപംനല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ശബരിമല വിഷയത്തെക്കുറിച്ചും, നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ ബിജെപി അഖിലേന്ത്യാ സെക്രട്ടറി സരോജ് പാണ്ഡെയുടെ നേതൃത്വത്തിലുള്ള അഖിലേന്ത്യാസംഘം ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ കേരളം സന്ദര്‍ശിക്കുമെന്നും ശ്രീധരന്‍പിള്ള അറിയിച്ചു. 


അഖിലേന്ത്യാ നേതാക്കള്‍ ശബരിമല കര്‍മ സമിതിയുമായും ബിജെപി കോര്‍ കമ്മിറ്റിയുമായും ചര്‍ച്ച നടത്തും. തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരവും സന്ദര്‍ശിക്കും. ശബരിമല സമരത്തില്‍ മനുഷ്യാവകാശലംഘനം നേരിട്ടവരില്‍നിന്ന് പരാതികളും സ്വീകരിക്കും. കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിയമവിരുദ്ധമായാണ് കേസെടുത്തിരിക്കുന്നതെന്നും, ഇതെല്ലാം കേന്ദ്രനേതാക്കളെ ബോധ്യപ്പെടുത്തുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.