Big Breaking | പിടി തോമസ് എംഎൽഎ അന്തരിച്ചു
വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം.
കൊച്ചി: തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പിടി തോമസ് അന്തരിച്ചു. 71 വയസായിരുന്നു. ദീർഘ കാലമായി അർബുദ ബാധിതനായി അദ്ദേഹം ചികിത്സയിലായിരുന്നു. തമിഴ്നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം.
1991 മുതൽ നിയമസഭാംഗമായ പിടി തോമസ് തൊടുപുഴ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായി. 2016 ലും 2021 ലുമാണ് തൃക്കാക്കര മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയത്. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. പരിസ്ഥിതി വിഷയങ്ങളില്‍ സ്വീകരിച്ച ശക്തമായ നിലപാടിലൂടെ ശ്രദ്ധേയനായ നേതാവാണ് അദ്ദേഹം. ഗാഡ്ഗില്‍ വിഷയത്തില്‍ സ്വീകരിച്ച നിലപാട് ശ്രദ്ധേയമായിരുന്നു.
1950 ഡിസംബര്‍ 12ന് ഇടുക്കിയിലാണ് പിടി തോമസിന്റെ ജനനം. ഉപ്പുതോട് പുതിയപറമ്പില്‍ തോമസും അന്നമ്മയുമാണ് മാതാപിതാക്കൾ. തൊടുപുഴ ന്യൂമാന്‍ കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ്, മഹാരാജാസ് കോളേജ്, ഗവ.ലോ കോളേജ് എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പഠനം. കെ.എസ്.യു വഴിയാണ് അദ്ദേഹം പൊതുരംഗത്തേക്ക് എത്തുന്നത്.
Also Read: റൂള്‍ ബുക്ക് വലിച്ചെറിഞ്ഞു; ഡെറക് ഒബ്രിയന്‍ എംപിയെ സസ്പെൻഡ് ചെയ്തു
കെപിസിസി നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
ഭാര്യ- ഉമ തോമസ്, മക്കൾ: വിഷ്‌ണു തോമസ്, വിവേക് തോമസ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...