Puthuppally By-Election: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ വെള്ളിയാഴ്ച രാവിലെ 8 മുതൽ
Puthuppally By-Election Result: കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് വോട്ടെണ്ണൽ.
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിൽ സെപ്റ്റംബർ അഞ്ചിനു നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിന് (വെള്ളിയാഴ്ച) രാവിലെ എട്ടു മണി മുതൽ ആരംഭിക്കും. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണൽ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ.
മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. ( ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം ) വോട്ടുകളും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇ.ടി പി.ബി.എസ്. വോട്ടുകളിലെ ക്യൂ ആർ കോഡ് സ്‌കാൻ ചെയ്ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്കു നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ.
ALSO READ: ആറൻമുളയിൽ അഷ്ടമി രോഹിണി വള്ളസദ്യ; രാവിലെ 11 മണിക്ക് തുടക്കം
മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിൽ ഉള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രത്തിലെ വോട്ടെണ്ണൽ നടക്കുക. ഒന്നു മുതൽ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകൾ തുടർച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക. ആദ്യ റൗണ്ടിൽ ഒന്നു മുതൽ പതിനാലുവരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടർന്ന് പതിനഞ്ചു മുതൽ 28 വരെയും. ഇത്തരത്തിൽ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാക്കും. തുടർന്ന് റാൻഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ചു വി.വി. പാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ ഒന്നാം നമ്പർ ടേബിളിൽ എണ്ണും.
ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സർവർ, ഒരു കൗണ്ടിങ് സൂപ്പർ വൈസർ, രണ്ടു കൗണ്ടിങ്ങ് സ്റ്റാഫ് എന്നിവർ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്‌സർവർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. 14 ടേബിളുകളിലായി ആകെ 44 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. 80 വയസ് പിന്നിട്ടവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽ തന്നെ വോട്ട് ചെയ്യാൻ അവസരമൊരുക്കിയതിലൂടെ 2491 പേർ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകൾ അഞ്ച് മേശകളിലായാണ് എണ്ണുക. സർവീസ് വോട്ടർമാർക്കുള്ള ഇ.ടി.പി.ബി.എസ്. ബാലറ്റുകൾ 138 എണ്ണമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇവ മറ്റൊരു മേശയിലും എണ്ണും. ഈ ആറുമേശയിലും ഒരു മൈക്രോ ഒബ്‌സർവർ, ഒരു ഡെസിഗ്‌നേറ്റഡ് അസിസ്റ്റന്റ് റിട്ടേണിങ്ങ് ഓഫീസർ, ഒരു കൗണ്ടിങ് സൂപ്പർവൈസർ, രണ്ടു കൗണ്ടിങ് അസിസ്റ്റന്റുമാർ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ആറ് ടേബിളുകളിലുമായി 30 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. ആകെ 20 മേശകളിലായി 74 കൗണ്ടിങ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിങ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സി.എ.പി.എഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധ പോലീസ് ബറ്റാലിയനും കൗണ്ടിങ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...