പുനെ: ‘ആരോ വരുന്നുണ്ട്​. ഞാൻ തിരിച്ചു വിളിക്കാം.’ പുനെ ഇൻഫോസിസിൽ കൊല്ലപ്പെ​ട്ട കോഴിക്കോട്ടുകാരി രസില രാജു  ബന്ധുവായ അഞ്​ജലി നന്ദകുമാറുമായി നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ അവസാന വാക്കുകൾ ഇതായിരുന്നു. ഫോൺ സംഭാഷണം അവസാനിപ്പിച്ച രസില അടുത്ത നിമിഷങ്ങളിൽ മരണപ്പെടുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഞായറാഴ്​ച ദിവസം തനിച്ചിരുന്ന്​ ജോലി ചെയ്യാൻ തനിക്ക്​ താത്​പര്യമില്ലെന്ന്​ സംഭാഷണത്തിനിടെ രസില പറഞ്ഞിരുന്നു. തന്‍റെ  മേലധികാരിക്ക് തന്നെ ഇഷ്ടമല്ലായിരുന്നെന്നും ഞായറാഴ്ചയും ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതായും രസില കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇന്ന്​ ചെയ്യുന്ന ജോലി പൂർത്തിയാക്കിയാൽ തനിക്ക്​ ബംഗുളൂരുവിലേക്ക്​ മാറ്റം കിട്ടുമെന്ന പ്രതീക്ഷയും രസില വച്ചു പുലർത്തിയിരുന്നു.


സംഭാഷണം അവസാനിപ്പിക്കാനിടയാക്കി കടന്നു വന്നയാളാണ്​ രസിലയുടെ കൊലപാതകത്തിന്​ ഉത്തരവാദി.അന്ന് രാത്രി 8.30ഓടെയാണ് രസിലയുടെ മൃതദേഹം ഓഫീസിനുള്ളില്‍ കണ്ടെത്തിയത്. അയാളുമായി രസില മൽപ്പിടുത്തം തന്നെ നടത്തിയിട്ടുണ്ട്​. 


രസീലയെ കമ്പ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ കുരുക്കി കൊല്ലുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ഇന്‍ഫാസിസിലെ സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റിലായിരുന്നു. തുറിച്ച് നോക്കിയതിനെതിരെ രസീല പരാതി പറഞ്ഞതില്‍ പ്രകോപിതനായി സെക്യൂരിറ്റി ജീവനക്കാരന്‍ കൊലപാതകം നടത്തിയെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഇത് പൂര്‍ണ്ണമായി വിശ്വസനീയമല്ലെന്നാണ് കുടുംബം പറയുന്നത്.