പുത്തന്‍വേലിക്കര ഭൂമി ഇടപാട്: അടൂര്‍ പ്രകാശിനും,കുഞ്ഞാലിക്കുട്ടിക്കുമെതിരെ അന്വേഷണത്തിന് കോടതിയുടെ ഉത്തരവ്
പുത്തന്‍വേലിക്കരയിലെ ഭൂമിയിടപാട് കേസില്‍ മുൻമന്ത്രിമാരായ അടൂർ പ്രകാശിനും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്.
മൂവാറ്റുപുഴ: പുത്തന്‍വേലിക്കരയിലെ ഭൂമിയിടപാട് കേസില്‍ മുൻമന്ത്രിമാരായ അടൂർ പ്രകാശിനും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവ്. പുത്തൻവേലിക്കരയിൽ മിച്ചഭൂമി നികത്തി െഎടി പാർക്ക് സ്ഥാപിക്കുന്നതിന് അനുവാദം നൽകുകയും പിന്നീട് പിൻവലിക്കുകയും ചെയ്ത സർക്കാർ നടപടിക്കെതിരായ ഹർജിയിലാണു വിധി. കേസിൽ സന്തോഷ് മാധവനെതിരെയും കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടു.
കേസില്‍ മുൻ മന്ത്രിമാരെ കുറ്റവിമുക്തമാക്കുന്ന വിജിലന്‍സ് സമര്‍പ്പിച്ച ത്വരിത പരിശോധന റിപ്പോര്‍ട്ട് കോടതി തള്ളി. മുന്‍ മന്ത്രിമാര്‍ക്കെതിരെ എത്രയും വേഗം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടറോടാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വിജിലൻസിന് പി.കെ.കുഞ്ഞാലിക്കുട്ടി നൽകിയ മൊഴിയിലും കൂടാതെ ആദ്യ റിപ്പോർട്ടിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയിലും വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയ കളമശേരി സ്വദേശി ഗിരീഷ് ബാബു പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിൽ ഹർജിക്കാരന്റേത് ഉൾപ്പെടെയുള്ള വാദങ്ങൾ കേട്ട കേസിൽ മുന്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണത്തിന് സാധ്യതയുണ്ടെന്ന് കോടതിക്കു ബോധ്യപ്പെട്ടു. ഇതേത്തുടർന്നാണ് വിജിലൻസ് കോടതി ജഡ്ജി മാധവൻ മുൻ മന്ത്രിമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.