തിരുവനന്തപുരം/പുതുപ്പള്ളി: മിത്ത് മാസപ്പടി വിവാദങ്ങൾ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടിൽ സിപിഎമ്മും കോൺഗ്രസും. വികസനം മുഖ്യവിഷയമാക്കി ഏറ്റുമുട്ടാൻ ഇടത് വലത് മുന്നണികൾ ശ്രമിക്കുമ്പോൾ വിവാദങ്ങൾ കത്തിച്ചു നിർത്തി ആയുധമാക്കാനാണ് ബിജെപിയുടെ ശ്രമം. അതേസമയം, സിപിഎമ്മിനും കോൺഗ്രസിനും പിന്നാലെ ബിജെപി കൂടി പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ മത്സര ചിത്രവും തെളിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ മകളുടെ പേരിൽ ആടിയുലഞ്ഞ മാസപ്പടി വിവാദത്തിൽ ഏറ്റുമുട്ടലിന് കോൺഗ്രസിന് ഒട്ടും താത്പര്യമില്ല. നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കാതെ കോൺഗ്രസ് മാറിനിന്നതും പിന്നീട് മാത്യു കുഴൽനാടന് സഭയക്ക് പുറത്തു നിന്നുള്ള വിഷയമായി ഇത് അവതരിപ്പിക്കേണ്ടി വന്നതും വലിയ ചർച്ചയായിരുന്നതാണ്. പിന്നീട്, കോൺഗ്രസ് നേതാക്കൾ  പ്രതികരിച്ചിരുന്നുവെങ്കിലും CMRL കമ്പനിയിലെ ഡയറിയിൽ മുതിർന്ന നേതാക്കളുടെ പേരുകൾ ഉണ്ടായിരുന്നതിനാൽ പ്രതികരണം മയപ്പെടുത്തുകയായിരുന്നു.


സിപിഎം വിവാദങ്ങളെ പൂർണമായും അവഗണിച്ചു വിടുകയാണ്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയതും ഈ തീരുമാനത്തെ തുടർന്ന് എന്ന് വ്യക്തം. കൈപ്പറ്റിയ കാശിന്റെ രേഖകൾ സഹിതം പുറത്തുവന്നിട്ടും മാസപ്പടിയിൽ അഴിമതി ഇല്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. സംസ്ഥാന സെക്രട്ടറിക്ക് പുറമേ മുഖ്യമന്ത്രിയും വീണയും മന്ത്രി മുഹമ്മദ് റിയാസും വിവാദം കത്തുമ്പോഴും മൗനത്തിലാണ്.


വിവാദത്തിന് പുറത്ത് വികസനത്തിന് ഊന്നൽ നൽകുകയാണ് ഇടതുമുന്നണി. പുതുപ്പള്ളിയിൽ വൈകാരിക ബന്ധവും വിശുദ്ധൻ ചർച്ചയുമൊക്കെ നടക്കുമ്പോൾ വികസനമാണ് മുഖ്യഅജൻഡയെന്നും മറ്റൊന്നും മണ്ഡലത്തിലെ ജനങ്ങൾ സ്വീകരിക്കില്ലെന്നും ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് പറയുന്നു. സ്ഥലവും സമയവും കോൺഗ്രസ് നേതാക്കൾ തീരുമാനിക്കാമെന്നും വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സിപിഎം തയ്യാറാണെന്നും അദ്ദേഹം പ്രതിയോഗിയെ വെല്ലുവിളിക്കുന്നു.


ALSO READ: പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; ലിജിന്‍ ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥി


എന്നാൽ, താൻ മുമ്പ് ചോദിച്ച ചോദ്യങ്ങളിൽ ജെയ്ക്കിന് മറുപടി ഉണ്ടോ എന്നാണ് ചാണ്ടി ഉമ്മന്റെ മറുചോദ്യം. ജെയ്ക്ക് അതിലാദ്യം മറുപടി പറയട്ടെയെന്നും ചാണ്ടി ഉമ്മൻ പറയുന്നു. ഇടതുവലതു മുന്നണികൾക്ക് മണ്ഡലത്തിൽ ചെയ്യാൻ കഴിയാത്ത വികസന പ്രവർത്തനങ്ങൾ തനിക്ക് ചെയ്യാനാകുമെന്ന ആത്മവിശ്വാസമാണ് ബിജെപി സ്ഥാനാർഥി ജി.ലിജിൻലാൽ പങ്കുവെക്കുന്നത്. 


അതേസമയം, ഇടത് വലതു മുന്നണികൾ ഒരുപിടി മുൻപ് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് രാഷ്ട്രീയ ഗോദയിൽ കളം നിറഞ്ഞപ്പോൾ ബിജെപി ഇന്നാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ജി.ലിജിൻലാലാണ് പുതുപ്പള്ളിയിൽ മത്സരിക്കുക.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


വിവാദങ്ങളിൽ വിടാതെ ബിജെപിയും ശക്തമായി രംഗത്തുണ്ട്. ഗണപതിയെ അവഹേളിച്ച സ്പീക്കർ മാപ്പ് പറയുന്നവരെ സമരം തുടരുമെന്നും വീണ്ടും നാമജപഘോഷയാത്ര സംഘടിപ്പിക്കുമെന്നാണ് ബിജെപി വ്യക്തമാക്കുന്നത്. സമദൂര നിലപാടാണ് എൻഎസ്എസിന്റേതെങ്കിലും പുതുപ്പള്ളിയിൽ ഏത് ഫോർമുല കൊണ്ടുവരുമെന്നുള്ളതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തതോടെ മിത്ത് വിവാദം മറന്ന് എൻഎസ്എസ്സിനോടുള്ള പിണക്കം സിപിഎം മാറ്റുന്നുവെന്നതടക്കം പ്രചാരണം ഉയർന്നിരുന്നു.എൻഎസ്എസിനോട് അതൃപ്തിയില്ലെന്ന് സിപിഎമ്മും നിലപാട് വ്യക്തമാക്കുന്നു.


അതിനിടെ, പുതുപ്പള്ളിയിൽ പ്രചരണം കൊഴുക്കുമ്പോൾ മതമേലധ്യക്ഷൻമാരെയും പൗരപ്രമുഖരെയും കണ്ട് വോട്ടുറപ്പിക്കുന്നതിന്റെ നെട്ടോട്ടത്തിലാണ് മുന്നണികൾ. ഗൃഹസന്ദർശനം നടത്തി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു സ്ഥാനാർത്ഥികൾ മുന്നോട്ട് നീങ്ങുകയാണ്. കഷ്ടിച്ച് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിലെ ജനം ആരെ തുണയ്ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. സെപ്റ്റംബർ അഞ്ചിന് നടക്കുന്ന വിധിദിനത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് വോട്ടർമാർ. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.