തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്; ആദ്യ ഘട്ടം കൊച്ചിയിൽ തുടങ്ങി
കൊച്ചി കോർപ്പറേഷൻ, ഡോക്ടർ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ്, ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവെയ്പ് നൽകിയത്.
കൊച്ചി: തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകി തുടങ്ങി. ആദ്യ ഘട്ടത്തിൽ കൊച്ചി നഗരത്തിലാണ് കുത്തിവയ്പ്പ് നൽകി തുടങ്ങിയത്. തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന പറയുന്നത് സൗത്ത് റെയിൽവേ സ്റ്റേഷൻ, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയവയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഈ പ്രദേശങ്ങളിൽ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയിൽ അടയാളം രേഖപ്പെടുത്തുകയും ചെയ്യും.
അതേസമയം തെരുവ് നായ്ക്കളിൽ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്നാണ് വിവരം. കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് ഇവയെ വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്. കൊച്ചി കോർപ്പറേഷൻ, ഡോക്ടർ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ നൈറ്റ്സ്, ദയ ആനിമൽ വെൽഫെയർ ഓർഗനൈസേഷൻ എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവെയ്പ് നൽകിയത്. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ അക്രമം കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിനാൽ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് തുടരാനാണ് സന്നദ്ധ പ്രവർത്തകരുടെ തീരുമാനം.
തെരുവ് നായകളുടെ കൃത്യമായ കണക്കില്ലാതെയാണ് സർക്കാർ പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവയിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ കർമ്മപദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് ലക്ഷം തെരുവ് നായകൾ ഉണ്ടെന്ന ഏകദേശ കണക്ക് മാത്രമാണുള്ളത്. 10 ലക്ഷം വാക്സിൻ എത്തിച്ച ശേഷം വാക്സിനേഷനിലേക്ക് കടക്കാനാണ് സർക്കാരിന്റെ തീരുമാനം.
60 ശതമാനം നായകളിലെങ്കിലും വാക്സിനേഷൻ എത്തിയാൽ മാത്രമെ തെരുവുനായ്ക്കളിലെ പേവിഷബാധയ്ക്ക് എതിരായ വാക്സിൻ പ്രതിരോധം ഫലപ്രദമാവുകയെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.2019 കണക്ക് മാത്രമാണ് നായ്ക്കളെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുള്ളത്. 2019ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് എട്ട് ലക്ഷം വളർത്ത് നായകളും മൂന്ന് ലക്ഷം തെരുവുനായ്ക്കളുമാണുള്ളത്. എന്നാൽ ഈ കണക്കിൽ വളരെ കൂടുതലായിരിക്കും തെരുവുനായ്ക്കളുടെ യഥാർഥ എണ്ണം എന്നാണ് വിദഗ്ദർ ഒന്നടങ്കം പറയുന്നത്.
Also Read: തെരുവ് നായ വിഷയത്തിൽ സർക്കാർ തീരുമാനത്തിനൊപ്പം അണിചേർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ
അതേസമയം തെരുവ് നായ പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് വിളിച്ചു ചേർത്ത യോഗം ഇന്ന് ചേരും. വാക്സിൻ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങൾ എന്നിവ യോഗത്തിൽ ചർച്ചചെയ്യും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവ നടപ്പാക്കേണ്ടത്. യോഗം ചേരുന്നത് മന്ത്രി ചിഞ്ചുറാണിയുടെ അധ്യക്ഷതയിലാണ്.
വയനാട് ജില്ലയിലും വർധിച്ചു വരുന്ന തെരുവു നായ ശല്യം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാ ആസൂത്രണ സമിതി ഇന്ന് യോഗം ചേരും. എബിസി പദ്ധതി വീണ്ടും ആരംഭിക്കുന്നതിനെക്കുറിച്ചും ഗ്രാമ, ബ്ലോക്ക്, നഗരസഭകളുടെ ഏകോപനവും ചർച്ച ചെയ്യും. പുതിയ എബിസി സെന്ററുകൾ ജില്ലയിൽ തുടങ്ങുന്നത് സംബന്ധിച്ചും ആലോചിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാർ പറഞ്ഞു. ജില്ല കളക്ടർ, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
മലപ്പുറത്തും തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് പദ്ധതികൾ ആവിഷ്ക്കരിക്കാൻ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും കലക്ടറും പങ്കെടുക്കുന്ന യോഗം ഇന്ന് ചേരുന്നുണ്ട്. 15 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും മുനിസിപ്പൽ ചെയർമാൻമാരും സെക്രട്ടറിമാരും മൃഗസംരക്ഷണ വകുപ്പ് ഓഫീസറും യോഗത്തിൽ പങ്കെടുക്കും. യോഗത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള കെട്ടിടം, സ്ഥലം തുടങ്ങിയ സൗകര്യങ്ങൾ എവിടെ കണ്ടെത്തും എന്നത് പ്രധാന ചർച്ചയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...