രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന് എസ് പി റിപ്പോർട്ട്
റിപ്പോർട്ടിനൊപ്പം ഫോട്ടോകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർ ഓഫീസിൽ കയറി കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് തറയിൽ കമഴ്ത്തിയിട്ട നിലയിലാണ് ഫോട്ടോ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്.
തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച (Rahul Gandhi Office Attack) കേസിൽ കോൺഗ്രസ് (Congress) പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്. ഓഫീസിന്റെ ദൃശ്യങ്ങളിൽ മഹാത്മാഗാന്ധിയുടെ ചിത്രം തകർന്നത് കാണാം. എന്നാൽ ഇത് ചെയ്തത് എസ്എഫ്ഐക്കാരല്ല (SFI) എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പോലീസ് ഫോട്ടോഗ്രാഫർ (Police Photographer) എടുത്ത ഫോട്ടോയും ഇയാളുടെ മൊഴിയും അടിസ്ഥാനമാക്കിയുള്ളതാണ് എസ്പിയുടെ റിപ്പോർട്ട്.
റിപ്പോർട്ടിനൊപ്പം ഫോട്ടോകളും തെളിവായി ഹാജരാക്കിയിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകർ ഓഫീസിൽ കയറി കസേരയിൽ വാഴ വയ്ക്കുന്ന സമയത്ത് ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നു. പിന്നീട് തറയിൽ കമഴ്ത്തിയിട്ട നിലയിലാണ് ഫോട്ടോ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഓഫീസ് ആക്രമണത്തിന് പിന്നാലെ ഗാന്ധി ചിത്രം എസ് എഫ് ഐ പ്രവർത്തകർ നശിപ്പിച്ചു എന്നായിരുന്നു ഉയർന്നിരുന്ന ആരോപണം. എന്നാൽ പോലീസിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർ ആരോപണ മുനയിലായിരിക്കുകയാണ്.
സംഭവത്തിൽ പ്രധാന തെളിവായിരിക്കുന്നത് പോലീസ് ഫോട്ടോഗ്രാഫറുടെ മൊഴിയും ദൃശ്യങ്ങളും ആണ്. ആക്രമണത്തിന് ശേഷം 25 എസ് എഫ് ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് ഫോട്ടോഗ്രാഫർ ഓഫീസ് ദൃശ്യങ്ങൾ പകർത്തിയിരുന്നു. 3.59ന് പകർത്തിയ ചിത്രങ്ങളിൽ ഗാന്ധി ചിത്രം ചുമരൽ തന്നെ ഉണ്ട്. പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് ശേഷം ഫോട്ടോഗ്രാഫർ ഓഫീസിൽ നിന്നും താഴേക്ക് പോയിരുന്നു. തിരിച്ച് 4.30ന് ഇയാൾ എത്തുമ്പോൾ ഓഫിസിനുള്ളിൽ കോൺഗ്രസ്, യുഡിഎഫ് പ്രവർത്തകർ മാത്രമാണുണ്ടായിരുന്നത്. അപ്പോൾ പകർത്തിയ ഫോട്ടോയിൽ ഓഫീസ് അലങ്കോലപ്പെട്ട നിലയിലും ഗാന്ധി ചിത്രം നിലത്തുകിടക്കുന്ന അവസ്ഥയിലുമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.
Also Read: കുട്ടികൾ അല്ലേ! ആ വാഴ എടുത്ത് മാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി
ഗാന്ധി ചിത്രവും എസ് എഫ് ഐക്കാർ തകർത്തെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഓഫീസ് ആക്രമണത്തിനൊപ്പം ഈ നിലത്ത് കിടന്ന ഗാന്ധി ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത സി പി എം, എസ് എഫ് ഐക്കാരെക്കൊണ്ട് എം പിയുടെ ഓഫിസ് ആക്രമിക്കുകയാണെന്നും അതിന്‍റെ തെളിവാണ് ഗാന്ധി ചിത്രം പോലും തകർത്തതെന്നും ആയിരുന്നു കോൺഗ്രസ് ഉന്നയിച്ച പ്രധാന ആരോപണം. ഗാന്ധി ചിത്രം തകർത്തത് എസ് എഫ് ഐ പ്രവർത്തകരല്ലെന്ന് മുതിർന്ന സിപിഎം നേതാക്കളടക്കം ആവർത്തിക്കുന്നുമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.