Rahul Gandhi: രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്, സ്വീകരണം ഒരുക്കുമെന്ന് ഡിസിസി
ജൂൺ 30, ജൂലൈ 1, 2 തിയതികളിലാണ് രാഹുൽ ഗാന്ധിയുടെ സന്ദര്‍ശനം. വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു.
വയനാട്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വ്യാഴാഴ്ച വയനാട്ടിലെത്തും. ജൂൺ 30, ജൂലൈ 1, 2 തിയതികളിലാണ് രാഹുൽ ഗാന്ധിയുടെ സന്ദര്‍ശനം. വയനാട്ടിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കുമെന്ന് ഡിസിസി അറിയിച്ചു. ഇന്നലെ (ജൂൺ 24) രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചിരുന്നു. പരിസ്ഥിതി ലോല മേഖലകളിലെ ഉത്തരവിനെതിരെ രാഹുൽ ഇടപെടുന്നില്ല എന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ മാർച്ച് നടത്തുകയും ഓഫീസ് അടിച്ച് തകർക്കുകയും ചെയ്തത്.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനായി മുഖ്യമന്ത്രി എഡിജിപിയെ ചുമതലപ്പെടുത്തിയരുന്നു. അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകിയിരിക്കുന്നത്. സംഭവ സ്ഥലത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി അടിയന്തരമായി സസ്പെന്റ് ചെയ്യാനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവർത്തകരെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കമുള്ളവരാണ് അറസ്റ്റിലായത്.
എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമരവും തുടർന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്നും ഇതിനെ തള്ളിപ്പറയുന്നുവെന്നും എസ്എഫ്ഐ സംസ്ഥാനകമ്മിറ്റി വ്യക്തമാക്കിയിരുന്നു. മാത്രമല്ല രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്കുള്ള മാർച്ച് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നുവെന്നും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ സംസ്ഥാന സെക്രട്ടറി പി എം ആർഷോ എന്നിവർ വാർത്താകുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നൽകിയ പ്രവർത്തകർക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കുമെന്ന് ഇവർ വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ ആക്രമണം: എസ്എഫ്ഐ വയനാട് ജില്ല പ്രസിഡൻ്റ് അടക്കം 19 പേർ പിടിയിൽ
കൽപറ്റ: രാഹുൽ ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സംഭവത്തിൽ 19 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ഉന്നതതല അന്വേഷണം സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...