Rain Alert : വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
കർണാടക തീരം മുതൽ കേരളതീരം വരെ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത മൂന്നു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Kozhikode : വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് (Heavy Rain) സാധ്യത. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക തീരം മുതൽ കേരളതീരം വരെ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ അടുത്ത മൂന്നു ദിവസം വടക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരളം (Kerala), കർണാടകം, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കക്കയം ഡാമിൽ ജലനിരപ്പുയർന്നതായി അലർട്ട് നൽകിയിട്ടുണ്ട്. എന്നാൽ റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട നിലയിലേക്ക് ജലനിരപ്പുയർന്നിട്ടില്ലെന്നും അറിയിച്ചിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിലാണ് ഷട്ടറുകൾ തുറക്കുന്നതായി മുന്നറിയിപ്പുള്ളത്.
ALSO READ: Rain Alert : സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം
പെരിങ്ങൽക്കുത്ത് അണക്കെട്ടിൽ നിന്നും ഇന്നു രാവിലെ 11 മണി മുതൽ 200 ക്യുമെക്സ് വരെ ജലം, ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കും. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചാലക്കുടിപ്പുഴയിൽ ഒരു മീറ്റർ വരെ ജലനിരപ്പുയരും.
അതേസമയം കോഴിക്കോട് കാവിലുംപാറയിൽ കനത്ത മഴയിൽ (Heavy Rain) വീട് തകർന്നു. കാവിലുംപാറ പഞ്ചായത്തിലെ കല്ലുംപുറത്ത് കുന്നത്തടത്തിലെ കാലായിപുഴക്കൽ കല്യാണിയുടെ വീടാണ് തകർന്നത്. വിസ്മയ, ഫാത്തിമ എന്നീ രണ്ട് കുട്ടികൾക്ക് പരിക്ക് പറ്റിയിട്ടുമുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിൻറെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചിരുന്നു.
ALSO READ: Kerala Rain Alert: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ അലർട്ട്
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ കെട്ടിയിട്ടു സൂക്ഷിക്കണം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA