തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി കേരളത്തിൽ ഇന്ന് മുതല്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ മാർച്ച് 17 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലായിരിക്കും മഴയ്ക്ക് കൂടുതൽ സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് ആദ്യം മഴ കിട്ടി തുടങ്ങുന്നത്. പിന്നീട് വടക്കൻ കേരളത്തിലും മഴ ലഭിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഉന്നതതല യോഗം ചേർന്നിരുന്നു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ ഒന്ന് മുതൽ തുടങ്ങണെന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തണം. ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കും. കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.


Also Read: Brahmapuram Issue: ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി മൗനം വെടിയുന്നു; ഇന്ന് പ്രത്യേക പ്രസ്താവന നടത്തും


 


മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്


''മഴക്കാലപൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട ഉന്നതതലയോഗം ഇന്ന് ചേർന്നു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കാൻ യോഗത്തിൽ തീരുമാനമായി. ഇതിന്റെ മുന്നൊരുക്കങ്ങൾ വിവിധ വകുപ്പുകളുമായി ഏകോപിപ്പിക്കാനും ധാരണയായി.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്താനാണ് തീരുമാനം.  
വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം തുടങ്ങിയ ക്യാമ്പയിനുകളുടെ ഭാഗമായി പൊതുസ്ഥലങ്ങൾ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കും. ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള നേതൃത്വം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ്.
മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തിൽ സംസ്‌ക്കരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തേണ്ടതുണ്ട്. അതിനായുള്ള തയ്യാറെടുപ്പുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രധാന ചുമതലയായി ഏറ്റെടുക്കും.
ഹരിത കർമ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതിൽപ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കും. 
കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡ്രൈ ഡേ ആചരിക്കാനാണ് തീരുമാനം.
ഈ ക്യാമ്പയിന്റെ ഭാഗമായി മലിനമായ നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, ഓടകൾ എന്നിവ മുഴുവൻ വൃത്തിയാക്കി എന്നുറപ്പാക്കണം
കെട്ടിടങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ നദി, കായൽ എന്നിവിടങ്ങളിൽ ഇടുന്നത് സാമൂഹിക പ്രശ്‌നമായി മാറുന്നത് ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. ഇതൊഴിവാക്കാനായി പുഴകളിലെയും നദികളിലെയും ചെളിയും എക്കലും നീക്കം ചെയ്യും. വൃത്തിയാക്കിയ ശേഷമുള്ള മണലും ചെളിയും നിക്ഷേപിക്കാനുള്ള സൗകര്യവും തദ്ദേശസ്ഥാപനങ്ങൾ ഒരുക്കും.
വൈദ്യുതാപകടങ്ങൾ ഒഴിവാക്കാൻ വൈദ്യുത ലൈനുകളുടെയും പോസ്റ്റുകളുടെയും സമയബന്ധിതമായി സുരക്ഷാ പരിശോധന കെ.എസ്.ഇ.ബി നടത്തും. 
മഴക്കെടുതികൾ നേരിടാനായി താലൂക്ക്, ജില്ലാതലത്തിലുള്ള ദുരന്ത നിവാരണ കണ്ട്രോൾ റൂമുകളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപന 24x 7 കണ്ട്രോൾ റൂം ആരംഭിക്കും. 
ഈ പ്രവർത്തങ്ങളെയെല്ലാം ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ പ്രതിമാസ മഴക്കാല മുന്നൊരുക്ക അവലോകനയോഗം ചേരാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ജില്ലകളിൽ നടന്നുവരുന്ന മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവൃത്തികളുടെ പുരോഗതി എന്നിവ വിലയിരുത്തേണ്ടതും പൂർത്തീകരിക്കപ്പെടാത്ത കാര്യങ്ങളുണ്ടെങ്കിൽ അവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ കർമ്മ പദ്ധതികൾ തയ്യാറാക്കാനും തീരുമാനമെടുത്തു. 
മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഓരോ തദ്ദേശ സ്ഥാപനവും പ്രവർത്തന കലണ്ടർ തയ്യാറാക്കാനും തീരുമാനമായി.
മഴക്കാലക്കെടുതികളെ നേരിടാൻ ജാഗ്രതയോടെയുള്ള പൊതുഇടപെടലുകളാണ് ആവശ്യം. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി നമുക്ക് സജ്ജരായിരിക്കാം.''



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.