തിരുവനന്തപുരം: റിമാന്‍ഡ്‌ പ്രതി രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ജഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെകൊണ്ട് അന്വേഷണം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

സിറ്റിംഗ് ജഡ്ജിയെ വിട്ടുകിട്ടാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെടും. സിറ്റിങ് ജഡ്ജിയുടെ സേവനം ലഭ്യമല്ലെങ്കില്‍ ജില്ലാ ജഡ്ജിയുടെ പദവിയിലുള്ളവരുടെ സേവനം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷണം തീര്‍പ്പാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്കായിരിക്കും സര്‍ക്കാര്‍ പോവുക.


കസ്റ്റഡി മരണ കേസില്‍ നിയമസഭയില്‍ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും അതിനെ ചൊല്ലി പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.


നെടുങ്കണ്ടം തൂക്കുപാലത്തുള്ള ഹരിത ഫിനാന്‍സ് എന്ന സ്ഥാപനത്തിന്‍റെ പേരില്‍ തട്ടിപ്പ് നടത്തിയത്തിന് ഉടമയായ രാജ്കുമാര്‍ ഒന്‍പത് ദിവസം പൊലീസ് കസ്റ്റഡിയിലായിരുന്നു. പീരുമേട് സബ്‌ ജയിലില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന്‍ ജൂണ്‍ 21ന് ആണ് രാജ്കുമാര്‍ മരിച്ചത്. 


ഈ കേസുമായി ബന്ധപ്പെട്ട് എട്ട് പോലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.