കോട്ടയം: സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡ്‌ പ്രതി രാജ്കുമാര്‍ ക്രൂരമര്‍ദ്ദനത്തിനിരയായി മരിച്ച സംഭവത്തില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

മര്‍ദ്ദനത്തില്‍ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ഉണ്ടാവുക. ഇവരെ കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. 


കേസിലെ ഒന്നും നാലും പ്രതികളായ പൊലീസുകാരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന. 


മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ മര്‍ദ്ദനത്തില്‍ ഈ പോലീസുകാരുടെ പങ്ക് വ്യക്തമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറഞ്ഞു. ഇവരില്‍ നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണെന്നും എപ്പോള്‍ വേണമെങ്കിലും ഇവരെ അറസ്റ്റ് ചെയ്തേക്കുമെന്നുമാണ് വിവരം. ഇവര്‍ രണ്ടുപേരുമാണ് രാജ്കുമാറിനെ കൂടുതല്‍ മര്‍ദ്ദിച്ചത്.


അതേസമയം പീരുമേട് ജയിലിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതിയില്‍ ജയില്‍ ഡിഐജിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്.  


കേസില്‍ റിമാന്‍ഡിലുള്ള എസ്‌ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് തുടങ്ങിയതായും വിവരമുണ്ട്.