ആർക്കൊക്കെ രാജ്യസഭാ സീറ്റ്? ചരടുവലിച്ച് മുല്ലപ്പള്ളിയും ഹസ്സനും; ബൽറാമിന് നറുക്ക് വീഴുമോ? സിപിഎമ്മിൽ തർക്കമില്ലാതെ തീരുമാനം
എകെ ആന്റണി മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ, ചില മുതിർന്ന കോൺഗ്രസ് നേതാക്കൾ രാജ്.സഭാ സീറ്റിന് വേണ്ടിയുള്ള ചരടുവലി തുടങ്ങിയിട്ടുണ്ട്.
തിരുവനന്തപുരം: ഡിസിസി, ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായി തുടരുന്നതിനിടയിലാണ് മറ്റൊരു തർക്ക വിഷയത്തിന് കൂടി തീർപ്പ് കൽപ്പിക്കേണ്ട ബാധ്യത കോൺഗ്രസ് നേതൃത്വത്തിന് ഏറ്റെടുക്കേണ്ടി വന്നിരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഇനി രാജ്യ സഭയിലേക്ക് ഇല്ലെന്ന് എകെ ആന്റണി അറിയിക്കുകയും ചെയ്തതിന് പിന്നാലെ പ്രമുഖ നേതാക്കൾ സ്ഥാനാർഥിത്വത്തിനായി ചരട് വലി തുടങ്ങിക്കഴിഞ്ഞു. ആന്റണി വീണ്ടും മൽസരിക്കാൻ തയ്യാറായിരുന്നെങ്കിൽ, അതിന്റെ പേരിൽ ഒരു തർക്കവും കോൺഗ്രസിൽ ഉണ്ടാകുമായിരുന്നില്ല. അതേ സമയം രാജ്യസഭാ സീറ്റിൽ കണ്ണ് നട്ട് പ്രമുഖ നേതാക്കൾ രംഗത്ത് ഇറങ്ങിയതോടെ ഇതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ വലിയ വിവാദങ്ങൾക്ക് സാധ്യതയുണ്ട്.
കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവരിലെ സ്വാധീനം മുൻനിർത്തിയാണ് മുല്ലപ്പള്ളിയുടെ നീക്കങ്ങൾ. അതേ സമയം സംസ്ഥാനത്തെ ഗ്രൂപ്പുകളുടെയും നേതൃത്വത്തിന്റെയും പിന്തുണ മുല്ലപ്പള്ളിക്ക് ലഭിക്കാനിടയില്ല. സംസ്ഥാന ഘടകത്തിന്റെ പിന്തുണയും എകെ ആന്റണിയുമായുള്ള അടുപ്പവും തുണയാകുമെന്നാണ് എം.എം ഹസ്സൻ കരുതുന്നത്.
മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസിനും രാജ്യസഭാ സീറ്റിൽ നോട്ടമുണ്ട്. അദ്ദേഹം സോണിയാഗാന്ധിയെ നേരിട്ട് കണ്ട് ആവശ്യം ഉന്നയിച്ചേക്കുമെന്നാണ് സൂചന. ഇടത് ബന്ധം ഉപേക്ഷിച്ച് കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പിന്റെ പേരും പരിണഗണനയിലുണ്ട്. സീറ്റിനായി അവകശവാദം ഉന്നയിക്കാൻ പന്തളം സുധാകരനും തീരുമാനിച്ചിട്ടുണ്ട്. യുവനേതാക്കളുടെ പേരുകളും ഉയർന്നുവരുന്നുണ്ട്. യുവാക്കൾ പരിഗണിക്കപ്പെട്ടാൽ വിടി ബെൽറാമോ എം ലിജുവോ രാജ്യസഭയിൽ എത്താനാണ് സാധ്യത. ഘടകക്ഷിയായ സിഎംപിയുടെ ജനറൽ സെക്രട്ടറി സിപി ജോണിനെ രാജ്യസഭയിലേക്ക് അയക്കണമെന്ന വികാരം യുഡിഎഫ് നേതാക്കൾക്കിടയിൽ ഉണ്ടെങ്കിലും പരിഗണിക്കപ്പെടാൻ സാധ്യതയില്ല.
രണ്ട് പേരെ രാജ്യസഭയിലേക്ക് അയക്കാൻ ഇടത് മുന്നണിക്ക് കഴിയും. എംപി വീരേന്ദ്രകുമാർ ഇടത് മുന്നണിയിലേക്ക് വന്നപ്പോൾ നൽകിയ സീറ്റ് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് എംവി ശ്രേയാംസ് കുമാറിന് കൈമാറിയിരുന്നു. എന്നാൽ ഇനിയും എൽജെഡിക്ക് സീറ്റ് നൽകാൻ സാധ്യതില്ല. അതേ സമയം സീറ്റിനായി ശക്തമായ സമ്മർദ്ദം ചെലുത്താനാണ് എൽജെഡിയുടെ തീരുമാനം. നിലവിൽ ബിനോയ് വിശ്വം രാജ്യസഭാ എംപിയാണെങ്കിലും രണ്ടാമതൊരു സീറ്റിനായി സിപിഐയും അവകാശ വാദം ഉന്നയിക്കും. പിസി ചാക്കോയ്ക്ക് വേണ്ടി എൻസിപിയും രംഗത്ത് ഉണ്ട്. എന്നാൽ രണ്ട് സീറ്റും സിപിഎം തന്നെ ഏറ്റെടുക്കാനാണ് പാർട്ടി തീരുമാനം.