തിരുവനന്തപുരം: രാജ്യസഭാ സീറ്റിനായി മുതിർന്ന കോൺഗ്രസ് നേതാവ്  കെവി തോമസ് ഹൈക്കമാന്റിൽ സമ്മർദ്ദം ശക്തമാക്കിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിൽ അദ്ദേഹത്തിന് എതിരായ പടയൊരുക്കവും ശക്തമായിരിക്കുകയാണ്. ആകെയുള്ള ഒരേ ഒരു സീറ്റിനായി അൻപതോളം നേതാക്കളാണ് രംഗത്തുളളത്. യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, അടുത്തിടെ കോൺഗ്രസിൽ തിരിച്ചെത്തിയ ചെറിയാൻ ഫിലിപ്പ്, പന്തളം സുധാകരൻ ഉൾപ്പെടെയുള്ള  പ്രമുഖരുടെ വലിയ നിരയാണ് രാജ്യസഭാ സീറ്റ് ലക്ഷ്യം വച്ചിരിക്കുന്നത്. വിടി ബൽറാം, എം ലിജു എന്നിവർ ഉൾപ്പെട്ട യുവനിരയും പ്രതീക്ഷ പുലർത്തുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെവി തോമസിന്റെ രംഗപ്രവേശം അസാധാരണ പ്രതിസന്ധിയാണ് കോൺഗ്രസിൽ സൃഷ്ടിച്ചിരിക്കുന്നത്. അഞ്ച് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും മൂന്ന് തവണ എംഎൽഎയും ഒരു തവണ സംസ്ഥാന മന്ത്രിയുമായ നേതാവാണ് കെവി തോമസ്. അധികാരത്തോടുള്ള ആക്രാന്തം ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടെ എന്നാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്നത്. കെവി തോമസിന് എതിരെ പരസ്യവിമർശനവുമായും ചില നേതാക്കൾ രംഗത്ത് എത്തിക്കഴിഞ്ഞു.


Read Also: 'സ്വന്തം പാർട്ടി സ്ഥാനാർഥിയെ തോൽപ്പിക്കാൻ ചരട് വലിച്ചു'; കെവി തോമസിനെതിരെ ഗുരുതര ആരോപണവുമായി സിമി റോസ്ബെൽ ജോൺ


സോണിയാ ഗാന്ധിയിലുള്ള സ്വാധീനം ഉപയോഗിച്ച് രാജ്യസഭാ സീറ്റ് സ്വന്തമാക്കാമെന്നാണ് കെവി തോമസ് കരുതുന്നത്. എന്നാൽ തോമസിനെതിരായ നിലപാട് സംസ്ഥാന ഘടകം ഇതിനകം തന്നെ ഹൈക്കമാന്റിനെ അറിയിച്ചുകഴിഞ്ഞു. കെവി തോമസിനെ ഒരു കാരണവശാലും രാജ്യസഭാ സ്ഥാനാർത്ഥിയാക്കരുതെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിനോടും കെ സുധാകരനും വിഡി സതീശനും താൽപ്പര്യമില്ല.


 



അതേസമയം എ, ഐ ഗ്രൂപ്പുകളുടെ പിൻതുണ എംഎം ഹസ്സൻ ഇതിനകം ഉറപ്പിച്ച് കഴിഞ്ഞു. ശക്തമായ സമ്മർദ്ദവുമായി ചെറിയാൻ ഫിലിപ്പും രംഗത്തുണ്ട്. സ്ഥാനാർത്ഥിത്വത്തിനായി 50 ഓളം പേർ രംഗത്ത് ഉള്ളതിനാൽ എങ്ങനെ ചുരുക്കപ്പട്ടിക തയ്യാറാക്കുമെന്ന് ആശയക്കുഴപ്പത്തിലാണ് സംസ്ഥാന  നേത‍ൃത്വം. കോൺഗ്രസിലെ കീഴ്വഴക്കമനുസരിച്ച് ഹൈക്കമാന്റ് ആണ് സ്ഥാനാർത്ഥിയ പ്രഖ്യാപിക്കുക. എന്നാൽ, സംസ്ഥാന ഘടകം  പാനലോ നിർദേശമോ സാധാരണ സമർപ്പിക്കാറുണ്ട്. നിലവിലുള്ള ആളുകളെ ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയാൽ ഏറ്റവും കുറഞ്ഞത് പത്ത് പർ എങ്കിലും അതിൽ ഉൾപ്പെടും. അതിൽ നിന്ന് മൂന്നോ നാലോ പേർ ഉൾക്കൊള്ളുന്ന പാനലിലേക്കും പിന്നാലെ ഒറ്റയാളിലേക്കും എത്തുക എന്നത് ഒട്ടും എളുപ്പമല്ല.


സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് നേതൃത്വം കടക്കുന്നതോട് കൂടി തർക്കങ്ങൾ ഇനിയും രൂക്ഷമാകുമെന്നുറപ്പാണ്. രൂക്ഷമായ അഭിപ്രായ ഭിന്നത  മൂലം ഡിസിസി പുന:സംഘടന പോലും പ്രതിസന്ധിയിലായിരിക്കുന്ന ഘട്ടത്തിലാണ് മറ്റൊരു തർക്ക വിഷയത്തിന് കൂടി പരിഹാരം കാണാനുള്ള ബാധ്യത പാർട്ടി നേതൃത്വത്തിന് മുന്നിൽ വന്ന് പെട്ടിരിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.