പി എസ് സി ചെയര്‍മാന്‍ സര്‍ക്കാര്‍ നടപടികളെ വെള്ളപൂശുന്നെന്ന് രമേശ് ചെന്നിത്തല!
സംസ്ഥാനത്തെ പിന്‍വാതില്‍ നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പി എസ് സി ചെയര്‍മാനുമെതിരെ
തിരുവനന്തപുരം:സംസ്ഥാനത്തെ പിന്‍വാതില്‍ നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും പി എസ് സി ചെയര്‍മാനുമെതിരെ
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്.
ഒരുകാലത്തും ഇല്ലാത്തത് പോലെ സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങളും കരാര്‍ നിയമനങ്ങളും പൊടിപൊടിക്കുമ്പോള്‍
അതിനെതിരെയുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം തെറ്റിദ്ധാരണ കൊണ്ടാണെന്ന് പറയുന്ന പി എസ് സി ചെയര്‍മാന്‍റെ
നിലപാട് പ്രതിഷേധാര്‍ഹം ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍ക്കാരിന്റെ നടപടികളെ വെള്ളപൂശുന്ന നിലപാടാണ് പി എസ് സി ചെയര്‍മാന്‍ സ്വീകരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കണ്‍സള്‍ട്ടന്‍സികള്‍ വഴി കരാര്‍ നിയമനങ്ങള്‍ നടക്കുന്ന കാര്യം സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോഴാണ് കരാര്‍ നിയമനങ്ങള്‍ നടക്കുന്നില്ലെന്ന്
ചെയര്‍മാന്‍ വാദിക്കുന്നതെന്നും ഈ വാദം അത്ഭുതകരമാണെന്നും ചെന്നിത്തല പറഞ്ഞു.
Also Read:പിന്‍വാതില്‍ നിയമനങ്ങള്‍;സംസ്ഥാന സര്‍ക്കാരിനെതിരെ യുവമോര്‍ച്ച!
കഴിഞ്ഞ മാസങ്ങളിലുണ്ടായ ആയിരക്കണക്കിന് റിട്ടയര്‍മെന്‍റ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടില്ല എന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി,
കരാര്‍ നിയമനങ്ങള്‍ നിര്‍ത്തിവെച്ച് പി എസ് സി വഴി നിയമനം നടത്താന്‍ സര്‍ക്കാരിനോട് ആവശ്യപെടുകയാണ് പി എസ് സി ചെയര്‍മാന്‍
ചെയ്യേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നൂറിലധികം റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നാമമാത്രമായ നിയമനം മാത്രമാണ് നടന്നതെന്നും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുകയാണ് വേണ്ടതെന്നും
പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു.