വിഡി സതീശന് പൂർണ പിന്തുണ, സ്ഥാനം ഒഴിയുന്നതിൽ നിരാശയില്ല; പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല: രമേശ് ചെന്നിത്തല
ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സതീശന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി (Opposition Leader) തെരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ സന്തോഷമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വെല്ലുവിളി നിറഞ്ഞ ഈ കാലഘട്ടത്തിൽ കോൺഗ്രസിനെയും യുഡിഎഫിനെയും (UDF) നയിക്കാൻ എല്ലാ പിന്തുണയും വിഡി സതീശന് നൽകും. ഏറെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും യുഡിഎഫും കടന്ന് പോകുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ സതീശന് കഴിയട്ടെ എന്ന് ആശംസിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ കോൺഗ്രസിനും യുഡിഎഫിനും തിരിച്ചുവരവിനുള്ള പാത ഒരുക്കുകയെന്നതാണ് ലക്ഷ്യം. അതിന് വേണ്ടി എല്ലാ പ്രവർത്തകരും നേതാക്കളും യുഡിഎഫിനെ സ്നേഹിക്കുന്ന ജനങ്ങളും ഒരുമിച്ച് നിൽക്കുക എന്നതാണ് പ്രധാനമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ (Ramesh Chennithala) മറുപടി. മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം വിളിച്ച് പ്രതിപക്ഷ നേതൃമാറ്റത്തെക്കുറിച്ച് പറഞ്ഞിരുന്നെന്നും ചെന്നിത്തല വ്യക്തമാക്കി.
ALSO READ: V.D. Satheesan: കോൺഗ്രസ്സിലിനി തലമുറമാറ്റം,വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കി ഹൈക്കാമാൻഡ്
കെപിസിസിയിൽ തലമുറമാറ്റം വേണമോയെന്ന ചോദ്യത്തിന് അക്കാര്യങ്ങളെല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഹൈക്കമാൻഡ് എന്ത് തീരുമാനം എടുത്താലും താൻ അത് അനുസരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധി ഒരു തീരുമാനമെടുത്താൽ എല്ലാ കോൺഗ്രസുകാരും അത് അനുസരിക്കും. ഒരുമിച്ച് മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ തനിക്ക് ഒരു നിരാശയും ഇല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പ്രതിപക്ഷത്തിന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ ധർമം പൂർണമായും നിറവേറ്റിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇടത് മുന്നണി സർക്കാരിന് എതിരായ പോരാട്ടമായിരുന്നു തന്റേത്. അത് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം കേട്ടാൽ മനസ്സിലാകും. തനിക്ക് പിണറായി വിജയന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. ഈ സർക്കാരിന്റെ അഴിമതികൾ പുറത്തുകൊണ്ടുവരാനുള്ള നീക്കം താൻ നടത്തി. കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ താൻ ശ്രമിച്ചു. അത് തന്റെ ധർമമാണ് അതിന് തനിക്ക് പിണറായി വിജയന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ചെന്നിത്തല പറഞ്ഞു.
ALSO READ: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് രമേശ് ചെന്നിത്തല
സാമൂഹിക മാധ്യമങ്ങളിൽ ആസൂത്രിതമായി അധിക്ഷേപം നടത്തിയതിനെ സംബന്ധിച്ചുള്ള ചോദ്യത്തിന് അതൊന്നും കുഴപ്പമില്ല, അത് ഇപ്പോഴും തുടരുന്നുണ്ടല്ലോയെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. ഒരു അവസരം കൂടി ലഭിക്കണമെന്ന് വ്യക്തിപരമായി ആഗ്രഹം ഉണ്ടായിരുന്നില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. താൻ സ്ഥാനം ഒഴിയാൻ തീരുമാനിച്ചിരുന്നതാണ്. നേതാക്കൻമാരാണ് യുഡിഎഫിനെ നയിക്കാൻ ഈ സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ടത്. സ്ഥാനത്തിന് പിന്നാലെ നടക്കുന്ന ആളല്ല താൻ. തനിക്ക് അതിന്റെ ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA