Kerala Research Student Issues | കയ്യിൽ പൈസയില്ല `ആത്മഹത്യ` പോലും ആലോചിക്കുന്നു; സ്കോളർഷിപ്പ് ദുരിതം പേറുന്ന പിഎച്ച്ഡിക്കാർ
അന്താരാഷ്ട്രാ സെമിനാറുകളിലും, വർക്ക്ഷോപ്പുകളിലും പങ്കെടുക്കാൻ സാധിക്കുന്നില്ല, കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ വേറെയുമുണ്ട് ഇവർക്ക് കയ്യിൽ പൈസ ഇല്ലാത്തതിനാൽ ഒരു പേപ്പർ അവതരിപ്പിക്കാൻ പോലും പലർക്കും കഴിയുന്നില്ല
തിരുവനന്തപുരം: ഗവേഷക വിദ്യാർഥികളുടെ ദുരിതം ഇനിയും അവസാനിക്കുന്നില്ല. 2023 മുതൽ മുടങ്ങിയ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്കായി നിരവധി പേരാണ് ഇപ്പോഴും സമൂഹത്തിൽ കാത്തിരിക്കുന്നത്. 2023 ജനുവരി മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിലെ സ്കോളർഷിപ്പാണ് ഇനിയും ഇവർക്ക് കിട്ടാത്തത്. പുതുവർഷത്തിൽ പിന്നെ പറയുകയും വേണ്ട. എല്ലാ തഥൈവ. ഗവേഷക വിദ്യാർഥി കൂടിയായ ശ്രുതി പങ്ക് വെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇവരുടെ ദുരിതം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാക്കിയത്.
90ശതമാനത്തിലധികം പേരും (ഗവേഷക വിദ്യാർഥികൾ) സാമ്പത്തിക പ്രശ്നങ്ങൾ കൊണ്ട് തന്നെ വളരെയധികം സ്ട്രെസ് നേരിടുന്നുണ്ട്. അന്താരാഷ്ട്രാ സെമിനാറുകളിലും, വർക്ക്ഷോപ്പുകളിലും പങ്കെടുക്കാൻ സാധിക്കുന്നില്ല, കുടുംബത്തിലെ സാമ്പത്തിക പ്രശ്നങ്ങൾ വേറെയുമുണ്ട് ഇവർക്ക് കയ്യിൽ പൈസ ഇല്ലാത്തതിനാൽ ഒരു പേപ്പർ അവതരിപ്പിക്കാൻ പോലും പലർക്കും കഴിയുന്നില്ല, തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ശ്രുതി പോസ്റ്റിൽ പങ്ക് വെക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിങ്ങനെ
ജീവിച്ചിരിക്കുന്ന ചില രോഹിത് വെമുലമാരെ എനിക്കിന്നറിയാം.......
ചില അല്ല ഒരു നൂറ് നൂറ്റമ്പത് രോഹിത് വെമുലമാർ വരും അത്. കേരളത്തിലെ ഇ-ഗ്രാൻ്റ്സ് വാങ്ങിക്കുന്ന ഗവേഷകർക്കിടയിൽ ഒരു പഠനം നടത്തുന്നതിൻ്റെ ഭാഗമായി 200ലധികം ഗവേഷകരെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. നൂറിലധികം ഗവേഷകർ സമയമില്ലാത്തവർ പോലും എൻ്റെ സർവ്വേക്ക് വേണ്ടി സമയം നൽകിയതിൽ ഞാൻ അവരോട് നന്ദി പറയുകയാണ്.
90ശതമാനത്തിലധികം പേരും സാമ്പത്തിക പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ട് തന്നെ വളരെയധികം സ്ട്രെസ് നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ഗവേഷണം ചെയ്യുന്ന എൻ്റെ ഒരു സുഹൃത്ത് പറഞ്ഞതിങ്ങനെയാണ്..."കയ്യിൽ പൈസയില്ല. ആഗ്രഹിച്ച അന്താരാഷ്ട്രാ സെമിനാറുകളിലും, വർക്ക്ഷോപ്പുകളിലും പങ്കെടുക്കാൻ സാധിക്കുന്നില്ല. പേപ്പർ അവതരിപ്പിക്കാൻ കഴിയുന്നില്ല. വീട്ടിലെ അവസ്ഥയാണെങ്കിൽ അതിലും പരിതാപകരമാണ്. വീട്ടുകാരെ സഹായിക്കാൻ ആഗ്രഹമുണ്ട്. പക്ഷേ, കയ്യിൽ അതിനു പോലും പൈസയില്ല. ഇത്രയും പഠിപ്പിച്ച അവർക്ക് വേണ്ടി ഒന്നും തിരിച്ച് ചെയ്യാൻ സാധിക്കാത്ത വിഷമമുണ്ട്.
ആത്മഹത്യ ചെയ്താലോന്ന് പല തവണ ആലോചിക്കുന്നു."
മാനസിക പിരിമുറുക്കത്തിലായ ഗവേഷകർ, ദൈനംദിന ചെലവുകൾക്കായി വീട്ടുകാരിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി ജീവിക്കുന്നവർ, ഭർത്താവിൽ നിന്നും പണം വാങ്ങിച്ച് വീണ്ടും ചോദിക്കാൻ മടിയുള്ള ഗവേഷക ഭാര്യമാർ, കുഞ്ഞിൻ്റേയും ഭാര്യയുടേയും ആഭരണങ്ങൾ പണയം വെച്ച് ഗവേഷണം ചെയ്യുന്ന ഗവേഷക ഭർത്താക്കന്മാർ, കൂലി പണിക്കും വെഡ്ഡിംഗ് വർക്സിനും, ഡെലിവറി ബോയ് ആയും, ഹൌസ് ഹോൾഡ് ഉപകരണങ്ങൾ വിറ്റുമെല്ലാം ജീവിക്കുന്ന ഗവേഷകർ, എല്ലാവരിലും ഒരു രോഹിത് വെമുലയുണ്ട്. ആഘോഷങ്ങൾക്ക് വേണ്ടി കോടികൾ ചെലവഴിക്കാം. അത് പിന്നത്തേക്ക് മാറ്റി വെക്കാൻ പറ്റില്ല. പക്ഷേ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നൽകാൻ എത്ര സമയം വേണമെങ്കിലും മാറ്റി വെക്കാം. ഒരുത്തനും ചോദിക്കാൻ വരില്ല.
(കടപ്പാട് ശ്രുതി സിആർ-ഗവേഷക വിദ്യാർഥി)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.