കൊലക്കേസ് പ്രതിക്ക് വീട് നൽകിയ കേസിൽ അറസ്റ്റിലായ രേഷ്മയെ അമൃത വിദ്യാലയത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു; പിന്നാലെ രാജി
കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തലശേരി അമൃത വിദ്യാലയത്തിലെ ജോലി രാജിവച്ചതായി രേഷ്മ അറിയിച്ചത്.
കണ്ണൂർ: വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച കേസിൽ അറസ്റ്റിലായ രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു. പിന്നാലെ രേഷ്മ ജോലി രാജി വെച്ചു. തലശേരി അമൃത വിദ്യാലയത്തിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അധ്യാപികയായിരുന്നു രേഷ്മ. സ്കൂളിന്റെ പേരിനെ ബാധിക്കാതിരിക്കാനുള്ള സ്വാഭാവിക നടപടിയാണ് രേഷ്മക്കെിതരെ സ്വീകരിച്ചതെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് തലശേരി അമൃത വിദ്യാലയത്തിലെ ജോലി രാജിവച്ചതായി രേഷ്മ അറിയിച്ചത്.
അതേസമയം, തനിക്കെതിരെ സൈബർ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. എംവി ജയരാജനും കാരായി രാജനുമെതിരെയാണ് പരാതി നൽകിയത്. എംവി ജയരാജൻ അശ്ലീല പദപ്രയോഗം നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. സിപിഎം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. സിപിഎം പ്രവർത്തകനായ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി നിജിൽ ദാസിന് താമസിക്കാൻ വീട് നൽകിയതിന് അറസ്റ്റിലായതിന് പിന്നാലെയാണ് രേഷ്മക്കെതിരെ സൈബർ ആക്രമണമുണ്ടായത്.
ALSO READ: ഗുജറാത്ത് തീരത്ത് 280 കോടി രൂപയുടെ ഹെറോയിനുമായി പാകിസ്താൻ ബോട്ട് പിടിയിൽ
ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിയാണെന്നും ഇവർക്ക് ആർഎസ്എസ് ബന്ധമുണ്ടെന്നും കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ ആരോപിച്ചിരുന്നു. നിജിൽദാസിനെ രേഷ്മ ഒളിപ്പിച്ചത് കുറ്റവാളിയെന്നറിഞ്ഞുകൊണ്ട് തന്നെയാണെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രേഷ്മയ്ക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. രേഷ്മയും കുടുംബവും സിപിഎം ക്യാമ്പിലുള്ളവരാണെന്നാണ് ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പറയുന്നത്. ജയിലിൽ നിന്നിറങ്ങിയ രേഷ്മയെ ബിജെപി കൗൺസിലർ സ്വീകരിച്ചത് ജനപ്രതിനിധിയെന്ന നിലയിലാകുമെന്നും ഇതിനെപ്പറ്റി അന്വേഷിക്കുമെന്നും ഹരിദാസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...