പത്തനംതിട്ട: സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ശബരിമല അയ്യപ്പന്‍റെ തിരുവാഭരണങ്ങളുടെ പരിശോധന ആരംഭിച്ചു. രാവിലെ പത്തുമണിയോടെയാണ് തിരുവാഭരണ പരിശോധന ആരംഭിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുപ്രീം കോടതി ചുമതലപ്പെടുത്തിയ റിട്ട.ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് പന്തളം കൊട്ടാരത്തില്‍ പരിശോധന നടത്തുന്നത്.  രാവിലെ 9.30 ന് പന്തളത്ത് എത്തിയ അദ്ദേഹം വലിയകോയിക്കല്‍ ക്ഷേത്ര ദര്‍ശനം നടത്തി.


ക്ഷേത്ര ദര്‍ശനത്തിന് ശേഷം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ നിര്‍വ്വാഹക സംഘം ഓഫീസില്‍ എത്തി ഭാരവാഹികളുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ സുരക്ഷിത മുറിയില്‍ നിന്നും പുറത്ത് എടുത്ത് നിര്‍വ്വാഹക സംഘം ഓഫീസിലെത്തിച്ചാണ് പരിശോധന ആരംഭിച്ചത്. 


തിരുവാഭരണത്തിന്‍റെ മാറ്റ്, തൂക്കം, എണ്ണം എന്നിവ തിട്ടപ്പെടുത്തുന്നതിനായി പ്രത്യേക വിദഗ്ധ സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ട്. അതേസമയം നെറ്റിപ്പട്ടത്തിലെ കുമിളകള്‍ ഇളക്കി പരിശോധിക്കണമെന്ന് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ഒരാഴ്ച സമയം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.


പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം ഭാരവാഹികള്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പരിശോധന നടക്കുന്നത്. റിപ്പോര്‍ട്ട് ഒരു മാസത്തിനകം മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. 


തിരുവാഭരണങ്ങള്‍ പന്തളം വലിയ കോയിക്കല്‍ കൊട്ടാരത്തില്‍ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി കൊച്ചി കോയിക്കല്‍ കൊട്ടാരം കോടതിയില്‍ ആശങ്ക പങ്കുവെച്ച സാഹചര്യത്തിലായിരുന്നു പരിശോധനക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.