Arrest: മുക്കുപണ്ടം പണയം വെച്ച് വൻ സാമ്പത്തിക തട്ടിപ്പ്; മൂന്ന് പേർ പിടിയിൽ
Rold gold fraud: എട്ടേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പോലീസിന്റെ പിടിയിലാകുന്നത്.
ഇടുക്കി: ഇടുക്കിയിൽ മുക്കുപണ്ടം പണയം വെച്ച് വൻ സാമ്പത്തിക തട്ടിപ്പ്. രണ്ട് തവണയായി ഒൻപതര ലക്ഷത്തോളം രൂപ ഒരേ ബാങ്കിൽ നിന്നും തട്ടിയെടുത്തു. മൂന്നാം തവണ എട്ടേ മുക്കാൽ ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികൾ പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായി.
നെടുങ്കണ്ടം ചെമ്മണ്ണാർ സ്വദേശികളായ ബിലാൽ, ജോൺസൺ എന്നിവരാണ് ഉടുമ്പൻചോല പോലീസിന്റെ പിടിയിലായത്. കേസിലെ മറ്റൊരു പ്രതി ടിജോയെ ഞാറയ്ക്കൽ പോലീസും സമാനമായ കേസിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റ് 16 ന് കേരള ബാങ്കിന്റെ ചെമ്മണ്ണാർ ശാഖയിൽ 13 പവൻ മുക്കു പണ്ടം പണയം വെച്ച് ജോൺസൺ മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ തട്ടിയെടുത്തിരുന്നു.
ALSO READ: കേരളത്തിൽ 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
പിന്നാലെ ബിലാൽ ഓഗസ്റ്റ് 25 ന് 17.5 പവൻ പണയം വച്ച് അഞ്ചര ലക്ഷം രൂപയും തട്ടിയെടുത്തു. തുടർന്ന് കഴിഞ്ഞ ദിവസം 27 പവനുമായി ഇരുവരും ബാങ്കിൽ എത്തി. എട്ട് ലക്ഷത്തി എഴുപതിനായിരം രൂപയാണ് ഇത്തവണ പ്രതികൾ തട്ടിയെടുക്കാൻ ശ്രമിച്ചത്. സംശയം തോന്നിയ ജീവനക്കാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
ബിലാലും ജോൺസനും ടിജോയും ചേർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്. മറ്റ് പല കേസുകളിലും ഇവർ പ്രതികളാണ്. പെരുമ്പാവൂർ സ്വദേശിയിൽ നിന്നും വാങ്ങിയ മുക്കുപണ്ടമാണ് ഇവർ പണയം വെച്ചിരുന്നത്. ലക്ഷക്കണക്കിന് രൂപ ഇവർ ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിൻറെ നിഗമനം. സംഘത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് സൂചന.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...