ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി പാഴാവുന്നത് കോടികൾ;പ്രതിസന്ധിയിൽ ശബരിഗിരി ജലവൈദ്യുത പദ്ധതി
ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി പാഴാവുന്നത് കോടികളാണ്
സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയാണ് ശബരിഗിരി. എന്നാൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയിൽ ജനറേറ്ററുകളുടെ അറ്റകുറ്റപ്പണികൾക്കായി പാഴാവുന്നത് കോടികളാണ്. അടിക്കടി ജനറേറ്ററുകൾ തകരാറിലാവുന്നത് വൈദ്യുതോത്പാദനം പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം തകരാറിലായ ആറാം നമ്പർ ജനറേറ്റർ ഇനിയും പ്രവർത്തനക്ഷമമായിട്ടില്ല. ഇതുമൂലം 60 മെഗാവാട്ട് വൈദ്യുതോത്പാദനം കുറഞ്ഞിരുന്നു. നിലവിൽ 120 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉത്പാദനത്തിലുണ്ടാവുന്നത്. ഉത്പാദനം കുറഞ്ഞത് വൈദ്യുതി ബോർഡിന് ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല.
ഏറെനാളായി നാലാം നമ്പർ ജനറേറ്ററും തകരാർ പരിഹരിക്കാതെ കിടക്കുകയാണ്. ഇതോടെ ആകെ 120 മെഗാവാട്ട് ഉത്പാദനത്തിന്റെ കുറവാണ് പദ്ധതിയിൽ ഉണ്ടാവുന്നത്. ആകെ 340 മെഗാവാട്ട് ആണ് ശബരിഗിരിയുടെ ഉത്പാദന ശേഷി. ഏതാനും നാളുകൾക്ക് മുമ്പാണ് ആറാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ഇതിന് ശേഷമുണ്ടായ തകരാർ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
നാലാം നമ്പർ തകരാർ പരിഹരിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ഇത് പ്രവർത്തിക്കുമ്പോൾ ഉണ്ടാവുന്ന വൈബ്രേഷൻ മൂലം നിലയം കുലുങ്ങുകയാണ്. അതിനാൽ നാലാം നമ്പർ ജനറേറ്റർ പ്രവർത്തനം പൂർണ്ണമായും നിർത്തി. എല്ലാ മാസവും പരിശോധനകൾ നടക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും സാങ്കേതിക തകരാർ കണ്ടുപിടിക്കാൻ കഴിയുന്നില്ലെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...