തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല. പങ്കെടുക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ഇന്ന് വൈകീട്ടാണ് മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം. 


COMMERCIAL BREAK
SCROLL TO CONTINUE READING

എസ്എന്‍ഡിപി തീരുമാനം കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് ഇതോടെ വ്യക്തമായി. ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.


നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്. നിലവിലെ സാമുദായിക സംഘടനകളിൽ പലതും കേരള നവോത്ഥാനത്തിന് നിർണായക പങ്ക് വഹിച്ചവരാണ്.


അതിനാലാണ് എന്‍എസ്എസും എസ്എന്‍ഡിപിയും അടക്കമുള്ളവരെ ക്ഷണിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. യോഗക്ഷേമ സഭാ നേതാക്കളടക്കം നിരവധി സംഘടനകളെയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ ബിജെപിക്കൊപ്പം ഇല്ലാത്ത സംഘടനകളുടെ പിന്തുണ ഉറപ്പാക്കൽ ആണ് സർക്കാരിന്‍റെ ലക്ഷ്യം. എന്നാല്‍, ഇപ്പോള്‍ എന്‍എസ്എസിന്‍റെ പിന്മാറ്റം സര്‍ക്കാരിനേറ്റ വലിയ തിരിച്ചടിയാണ്. ഇതോടെ എസ്എന്‍ഡിപി എടുക്കുന്ന നിലപാട് ഏറെ നിര്‍ണായകമായി.