ആലപ്പുഴ: ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ ചൂഷണത്തിന് വിധേയരാകുന്നില്ല എന്ന് കേരളം തെളിയിക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചെങ്ങന്നൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

ശബരിമല എല്ലാ ജാതി-മതസ്ഥരുടെയും കേന്ദ്രമാണ്. കഴിഞ്ഞവര്‍ഷം ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്നവര്‍ക്കെല്ലാം ദേവസ്വം ബോര്‍ഡിന്റെയോ ക്ഷേത്രങ്ങളുടെയോ സഹായം മാത്രമല്ല ലഭിച്ചത്. മറിച്ച് വക്കഫ് ബോര്‍ഡും ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു.


55 ലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇതിലും വര്‍ധനവുണ്ടാവും. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിർദേശം നൽകി.
 
ട്രെയിന്‍ മാര്‍ഗമാണ് കൂടുതല്‍ പേര്‍ എത്തുന്നത്. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വേ മന്ത്രാലയവുമായി സംസാരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


ALSO READ: എരുമേലിയില്‍ ശബരിമല തീര്‍ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; പരിക്കേറ്റവർ ആശുപത്രിയിൽ


വന്ദേ ഭാരതടക്കം കൂടുതല്‍ ട്രെയിനുകള്‍ക്ക് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നഗരസഭ ഒരുക്കി കൊടുക്കണമെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.


മഴപെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അപകടസാധ്യത മേഖലകളില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കി നിയമിക്കണം. ഭക്തര്‍ക്ക് നല്‍കുന്ന കുടിവെള്ളം ശുദ്ധമാണോ എന്ന് ഉറപ്പുവരുത്താനായി താല്‍ക്കാലിക ലാബുകള്‍ ക്രമീകരിക്കണമെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു.


ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് കൂടുതല്‍ താത്കാലിക ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിനായി നഗരസഭയും, ദേവസ്വം ബോര്‍ഡും കര്‍ശന നടപടിയെടുക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. വില നിയന്ത്രണവും പരിശോധനയും ശക്തിപ്പെടുത്തി മണ്ഡലകാലം ഭക്തജനങ്ങള്‍ക്ക് സൗകര്യപ്രദമാക്കി കൊടുക്കണമെന്ന് മന്ത്രി നിർദേശിച്ചു.


കഴിഞ്ഞ മണ്ഡലകാലത്ത് ശ്രദ്ധിക്കാതെ പോയ കാര്യങ്ങള്‍ ഇത്തവണ പരിഗണിച്ച് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കുറ്റമറ്റതും സൗഹൃദപരമായ തീര്‍ത്ഥാടന കാലവുമാക്കി മാറ്റണമെന്ന് മുഖ്യാതിഥിയായ കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക മെഡിക്കല്‍ പോസ്റ്റുകള്‍ സ്ഥാപിക്കും. ലഹരി ഉപയോഗം തടയുന്നതിനായി കര്‍ശന പരിശോധനകള്‍ നടത്തും.


മിത്രപ്പുഴ കടവില്‍ രണ്ട് സ്‌കൂബ ഡൈവര്‍മാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കും. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സൂസമ്മ എബ്രഹാം, എ.ഡി.എം. എസ്. സന്തോഷ് കുമാര്‍, ചെങ്ങന്നൂര്‍ ആര്‍.ഡി.എം എസ്. സുമ, ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.