വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും
ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും.
ശബരിമല: മേടമാസ വിഷു പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിക്കും.
ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാകില്ല. രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ഏപ്രില്‍ 11 ന് രാവിലെ 5 മണിക്ക് ക്ഷേത്ര നട തുറന്ന് നിര്‍മ്മാല്യവും അഭിഷേകവും നടത്തും. തുടര്‍ന്ന്‍ പതിവ് പൂജകള്‍ ഉണ്ടാകും. മേടം ഒന്നായ ഏപ്രില്‍ 15 ന് ആണ് വിഷു.
അന്നേദിവസം പുലര്‍ച്ചെ തന്നെ നട തുറന്ന്‍ ഭക്തര്‍ക്കായി വിഷുക്കണി ദര്‍ശനം ഒരുക്കും. തുടര്‍ന്ന്‍ തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് കൈനീട്ടവും നല്‍കും. നെയ്യഭിഷേകം, കളഭാഭിഷേകം, പടി പൂജ എന്നിവ നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും ശബരിമല സന്നിധാനത്ത് ഉണ്ടാകും.
ഏപ്രില്‍ 19ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. അതിനുശേഷം ഇടവ മാസ പൂജകള്‍ക്കായി മെയ് മാസം 14 ന് വൈകുന്നേരം നട തുറക്കും.