കനത്ത സുരക്ഷയില്ല; മണ്ഡല പൂജക്കായി ശബരിമല നട നാളെ തുറക്കും
യുവതി പ്രവേശനത്തിന് സ്റ്റേയില്ല അതുകൊണ്ടുതന്നെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.
പത്തനംതിട്ട: മണ്ഡല പൂജക്കായി ശബരിമല നട നാളെ വൈകുന്നേരം തുറക്കും. ഇത്തവണ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ തല്‍ക്കാലം വേണ്ടെന്നാണ് തീരുമാനം.
യുവതി പ്രവേശനത്തിന് സ്റ്റേയില്ല അതുകൊണ്ടുതന്നെ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും. ഇതിനകം മുപ്പത്തിയാറ് യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് സൂചന.
യുവതീ പ്രവശേന വിധി വന്നതിന് പിന്നാലെ സന്നിധാനത്ത് വനിതാ പൊലീസിനെ അടക്കം വിന്യസിച്ചായിരുന്നു കഴിഞ്ഞ സീസണില്‍ ശബരിമലയിലെ പൊലീസ് സുരക്ഷ. മാത്രമല്ല രണ്ടു ഐജിമാരുടെ നേതൃത്വത്തില്‍ എസ്പിമാരെ അണിനിരത്തിയായിരുന്നു. എന്നിട്ടും സംഘര്‍ഷമായിരുന്നു ഫലം.
എന്നാല്‍ ഇത്തവണ ഐജിമാര്‍ ക്യാംപ് ചെയ്ത് സുരക്ഷയൊരുക്കാനില്ല. പമ്പയിലും സന്നിധാനത്തും നിലക്കലും ചുമതല മൂന്ന് എസ്പിമാരുടെ നേതൃത്വത്തില്‍ മാത്രം.
വനിതാ പൊലീസടക്കം 10,017 പൊലീസുകാരെ വിന്യസിക്കും. കഴിഞ്ഞ തവണ പൊലീസ് സംരക്ഷണയിൽ യുവതികളെത്തിയതാണ് സർക്കാറിനെ ഏറ്റവും അധികം കുരുക്കിയത്.
അതുകൊണ്ടുതന്നെ ഇത്തവണ യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകില്ലയെന്നാണ് സൂചന. കഴിഞ്ഞ തവണ യുവതികളെത്തിയാല്‍ തടയാന്‍ ഹിന്ദു സംഘടനകള്‍ വിവിധ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ നിശ്ചയിച്ച് കൊണ്ടുവന്നിരുന്നു.
മനീതി സംഘം ശബരിമല ദര്‍ശനത്തിന് വരുമെന്ന് അറിയിച്ചിട്ടുണ്ട്. പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയാണെങ്കിൽ തുടര്‍നടപടികള്‍ അപ്പോള്‍ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്.
എന്തായാലും ഭക്തര്‍ക്ക് ഭയവും സംഘര്‍ഷവുമില്ലാതെ ഇപ്രാവശ്യമെങ്കിലും ദര്‍ശനം നടത്താന്‍ കഴിഞ്ഞാല്‍ മതിയായിരുന്നു.