സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ നടന്ന ഗൂഡാലോചനയെ തുടര്‍ന്നാണ് വധശ്രമകേസ് ഉള്‍പ്പെടെ ചുമത്തി കെ.എസ് ശബരിനാഥനെ അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഷ്ട്രീയമായും നിയമപരമായും ശബരിനാഥിനെ സംരക്ഷിക്കും. പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നത്. പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യില്‍ ആയുധം ഇല്ലായിരുന്നെന്നും കേവലം പ്രതിഷേധം മാത്രമായിരുന്നെന്നുമാണ് ജാമ്യം ഉത്തരവില്‍ കോടതി വ്യക്തമാക്കിയിരുന്നു. വീണ്ടും അതേ കേസിലാണ് മുന്‍ എം.എല്‍.എ കൂടിയായ ശബരിനാഥനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതിഷേധിച്ച കുട്ടികളെ തള്ളി നിലത്തിട്ട ഇ.പി ജയരാജനെതിരെ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇത് ഇരട്ടനീതിയാണ്. വിമാന കമ്പനി നടത്തിയ അന്വേഷണത്തില്‍ ലെവല്‍ വണ്ണിലുള്ള കുറ്റമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാള്‍ ഗുരുതരമായ, ലെവല്‍ ടുവിലുള്ള കുറ്റമാണ് ജയരാജന്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും ജയരാജന് മൂന്നാഴ്ചത്തെ വിലക്കും ഏര്‍പ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ ഗുരുതരമായ തെറ്റാണ് ജയരാജന്‍ ചെയ്തതെന്ന് വിമാന കമ്പനി കണ്ടെത്തിയിട്ടും കേസെടുത്തിട്ടില്ല. 


ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യാപേക്ഷപരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 15 മിനിട്ട് മുന്‍പേ അറസ്റ്റ് ചെയ്‌തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ചോദ്യം ചെയ്യുന്നതിന് മുന്‍പേ അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞ് സര്‍ക്കാര്‍ കോടതിയെ കൂടി കബളിപ്പിച്ചിരിക്കുകയാണ്. പൊലീസും അധികാരവും കൈയ്യിലുണ്ടെന്ന് കരുതി അഹങ്കാരത്തിന്റെ വഴികളിലൂടെയാണ് സര്‍ക്കാര്‍ പോകുന്നത്. ഇത് ശരിയായ കീഴ് വഴക്കമല്ല.


മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതെല്ലാം അവാസ്തവമാണ്. മുഖ്യമന്ത്രി പുറത്തിറങ്ങിയ ശേഷമാണ് മുദ്രാവാക്യം വിളിച്ചതെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇ.പി ജയരാജനും അദ്യമെ വ്യക്തമാക്കിയിരുന്നു. പിന്നീടാണ് മുഖ്യമന്ത്രിയ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് ഇരുവരും മാറ്റിപ്പറഞ്ഞത്. ആരോ കളിത്തോക്ക് ചൂണ്ടി തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും കടയില്‍ ചിലര്‍ ചാരായവും വെള്ളയപ്പവും കഴിച്ചത് തന്നെ കൊല്ലാന്‍ വേണ്ടിയാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രതിഷേധം, പ്രതിഷേധം എന്ന് വിളിച്ച ഈ കുട്ടികളാണോ അദ്ദേഹത്തെ കൊല്ലാന്‍ പോയതെന്നും വി.ഡി സതീശൻ പറഞ്ഞു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ