തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളം വിതരണം വൈകുന്നതിൽ പ്രതിഷേധവുമായി ഭരണ-പ്രതിപക്ഷ യൂണിയനുകൾ. തിരുവനന്തപുരത്തെ ചീഫ് ഓഫീസിന് മുന്നിൽ സിഐടിയുവും ടിഡിഎഫും അനിശ്ചിതകാല രാപ്പകൽ സമരം തുടങ്ങി. അടിയന്തരമായി ശമ്പളം നൽകാൻ മാനേജ്മെൻ്റും സർക്കാരും അനുഭാവപൂർണമായ നടപടികൾ സ്വീകരിക്കണമെന്ന് വിവിധ യൂണിയനുകൾ ആവശ്യപ്പെട്ടു. സിഐടിയു സമരം ഉദ്ഘാടനം ചെയ്ത് ആനത്തലവട്ടം ആനന്ദനും ടിഡിഎഫ് സമരം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശനും മാനേജ്മെൻ്റിനെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട്  ട്രേഡ് യൂണിയൻ സംഘടനകളുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭവും സർവീസുകൾ മുടക്കി കൊണ്ടുള്ള മിന്നൽ പണിമുടക്കും നടത്തിയിരുന്നു. എന്നാൽ തൽക്കാലത്തേക്ക് ശമ്പളം നൽകിക്കൊണ്ട് അതിൽ നിന്ന് തടിയൂരുകയായിരുന്നു മാനേജ്മെൻ്റും സർക്കാരും. ശമ്പള പ്രതിസന്ധി വിഷയത്തിൽ മൂന്നു ദിവസം മുൻപ് കെഎസ്ആർടിസി സിഎംഡിയും യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ സമവായം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല രാപ്പകൽ സമരത്തിലേക്ക് തൊഴിലാളി യൂണിയൻ സംഘടനകൾ കടന്നിരിക്കുന്നത്.


ടി ഡി എഫ് അനിശ്ചിതകാല രാപ്പകൽ സമരമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ ചീഫ് ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുന്നു. സിഐടിയുവാകട്ടെ 24 മണിക്കൂർ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്ത സമരത്തിൽ സർക്കാരിനും മാനേജ്മെൻ്റിനുമെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്.കെഎസ്ആര്‍ടിസിയില്‍  പണിയെടുക്കുന്ന തൊഴിലാളികളെ ദ്രോഹിക്കുകയാണ്. കോർപ്പറേഷൻ അപവാദ പ്രചാരണമാണ് നടത്തുന്നത്. സുശീൽ ഖന്ന റിപ്പോർട്ടിൽ എന്താണ് നടപ്പിലാക്കാൻ പോകുന്നതെന്ന് തൊഴിലാളി യൂണിയൻ സംഘടനകളെ ഉൾപ്പടെ വ്യക്തമാക്കണം - ആനത്തലവട്ടം പറഞ്ഞു.30 ലക്ഷം ആളുകൾ പ്രതിദിനം ആശ്രയിക്കുന്ന ഗതാഗതസംവിധാനം നിർത്തുന്നുവെങ്കിൽ നിർത്തട്ടെയെന്നാണ് ചില ആളുകളുടെ നിലപാട്. 30 വർഷം മാത്രമേ ഇതിന് ഇനി ആയുസ്സുള്ളുവെന്നാണ് പറയുന്നത്. ബിജു പ്രഭാകർ എന്താണ് സ്വപ്നം കാണുന്നത് എന്നറിയില്ല.സ്ഥാപന നടത്തിപ്പിൻ്റെ ഉത്തരവാദിത്തം മാനേജ്മെന്‍റിനുണ്ടോ ?പ്രശ്നങ്ങളുണ്ടാകുമ്പോൾ മാനേജ്മെന്‍റിന്‍റെ പ്രശ്നം തൊഴിലാളികളുടെ മേൽ കെട്ടിവെക്കുന്നുതൊഴിലാളികൾ പോയാലും എം.ഡി വന്ന് പോയാലും  കെഎസ്ആര്‍ടിസി ഇവിടെ തന്നെ ഉണ്ടാകും - ആനത്തലവട്ടം ആനന്ദൻ ചോദിച്ചു.


സ്ഥാപനത്തെയും ആളുകളെയും വഴിയിൽ കാണുന്ന ചെണ്ട പോലെ കൊട്ടുന്നത് അനുവദിക്കില്ല. ജനങ്ങളിലെ തെറ്റിധാരണ മാറണം. എല്ലാ കുറ്റത്തിനും ഉത്തരവാദികൾ ട്രേഡ് യൂണിയൻ സംഘടനകളാണെന്ന് പറഞ്ഞാൽ പുറംകാൽ കൊണ്ട് അടിക്കാനും ഞങ്ങൾ മടിക്കില്ല - ആനത്തലവട്ടത്തിൻ്റെ വാക്കുകളിങ്ങനെ.ടിഡിഎഫ് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി ഡി സതീശനും സർക്കാരിനും മാനേജ്മെൻ്റുമെതിരെ വിമർശനത്തിൻ്റെ മുനയൊടിച്ചു. നിരവധി ആളുകൾ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനത്തെ ഇടതുസർക്കാർ സ്വാഭാവിക മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് സതീശൻ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിൻ്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ വെറും കള്ളത്തരമാണുള്ളത്. അക്കാര്യം പ്രതിപക്ഷം പുറത്തു കൊണ്ടുവരും.


കോടിക്കണക്കിന് സ്വത്തുവകകൾ നശിപ്പിച്ചുകൊണ്ട് ശമ്പളവും  പെൻഷനുമില്ലാതെ കെഎസ്ആർടിസിയെ അടച്ചുപൂട്ടാനാണ് ഇക്കൂട്ടരുടെ ശ്രമം. വലിയ തൊഴിലാളി സമരമായി ടിഡിഎഫ് സമരം മാറുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ടി ഡി എഫ് സംസ്ഥാന പ്രസിഡൻ്റ് തമ്പാനൂർ രവി ഐഎൻടിയുസി നേതാവ് ആർ. ശശിധരൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.പ്രത്യക്ഷ പ്രതിഷേധത്തിന് സംഘപരിവാർ അനുകൂല സംഘടനയായ ബിഎംഎസ്സിൻ്റെ പിന്തുണയുമുണ്ട്. 193 കോടി രൂപ മുഴുവൻ വിറ്റു വരവിലൂടെ കെഎസ്ആർടിസിക്ക് ലഭിക്കുമ്പോൾ എന്തുകൊണ്ട് 78 കോടി രൂപ നൽകി ശമ്പളം യഥാസമയം ജീവനക്കാർക്ക് ഉറപ്പുവരുത്താൻ കഴിയുന്നില്ല എന്നതാണ് മൂന്നു സംഘടനകളും ഉയർത്തുന്ന പ്രധാന ചോദ്യം. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വാങ്ങിയതിലൂടെ അനധികൃതമായി അഴിമതി നടത്തി നിരവധി തുക കമ്മീഷനടിക്കുകയാണെന്നും നേതാക്കൾ ആരോപിക്കുന്നു.


പ്രോഗ്രസ് റിപ്പോർട്ടിൽ സർക്കാർ കെഎസ്ആർടിസിയെ കൈവിടില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ശമ്പളവും പെൻഷനും ഉറപ്പുവരുത്തും എന്നുള്ള കാര്യവും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, എത്ര മാസം കയ്യയച്ച് സഹായിക്കാനാകുമെന്നുള്ളതിൽ ഇപ്പോഴും സർക്കാരിന് മുന്നിൽ കടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. പക്ഷേ, അപ്പോഴും എല്ലാമാസവും മുപ്പതും അമ്പതും അറുപതും കോടിരൂപ ഓവർ ഡ്രാഫ്റ്റ് എടുത്തുകൊണ്ട് ശമ്പളം നൽകുന്നതും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇക്കാര്യത്തിൽ ശാശ്വത പരിഹാരം എങ്ങനെ കണ്ടെത്താനാവും എന്നതാണ് സർക്കാർ ആലോചിക്കുന്നത്. ശമ്പള പ്രതിസന്ധിയിൽ ഉടനടി പരിഹാരമുണ്ടാക്കണമെന്നുള്ളതാണ് ജീവനക്കാരുടെയും തൊഴിലാളി യൂണിയൻ സംഘടനകളുടെയും പ്രധാന ആവശ്യം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.