ആശ്രമം കത്തിച്ച കേസ്; പ്രധാന തെളിവുകൾ നഷ്ടമായെന്ന് ക്രൈം ബ്രാഞ്ച്
സി സി ടി വി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും കൈയെഴുത്ത് സാമ്പിളുകളും നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആദ്യ അന്വേഷണത്തിൽ അട്ടിമറി നടന്നതായി ക്രൈം ബ്രാഞ്ച്. സംഭവത്തിലെ പ്രധാന തെളിവുകൾ കാണാനില്ലെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. സി സി ടി വി ദൃശ്യങ്ങളും ഫോൺ വിവരങ്ങളും കൈയെഴുത്ത് സാമ്പിളുകളും നഷ്ടമായെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. വീഴ്ചകളെ കുറിച്ച് ആഭ്യന്തരവകുപ്പിന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകും.
ശബരിമല സ്ത്രീപ്രവേശന വിവാദം ശക്തമായിരിക്കുന്ന സമയത്താണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട കേസായിരുന്നു ഇത്. പൂജപ്പുര പോലീസ് രജിസ്റ്റർ ചെയ്ത കേസ് കന്‍റോൺമെന്‍റ് അസിസ്റ്റൻറ് കമ്മീഷണറാണ് ആദ്യം അന്വേഷിച്ചത്. പിന്നീട് കണ്‍ട്രോള്‍ റൂം അസിസ്റ്റൻറ് കമ്മീഷണറുടെയും നേതൃത്വത്തിലെ സംഘമാണ് അഞ്ചുമാസത്തിലധികം അന്വേഷിച്ചത്. ഇതിന് ശേഷം കേസ് ഫയൽ ക്രൈം ബ്രാഞ്ചിന് കൈമാറിയപ്പോഴാണ് പ്രധാന തെളിവുകള്‍ നഷ്ടമായിരിക്കുന്നത്.
ഇന്നലെ, ഫെബ്രുവരി 21ന് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായ കൃഷ്ണകുമാറാണ് അറസ്റ്റിലായത്. സംഭവത്തിലെ മുഖ്യപ്രതി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൃഷ്ണകുമാറിന് പങ്കുണ്ടെന്ന തെളിവ് ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റ്.
Also Read: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് സന്ദീപാനന്ദഗിരിയുടെ ആശ്രമം തീയിട്ടത്. രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ച ശേഷം ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും അക്രമികള്‍ വെച്ചിരുന്നു. 50 കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്. സന്ദീപാനന്ദഗിരി ആശ്രമത്തിലുണ്ടായിരുന്നെങ്കിലും സ്വാമി ഉള്‍പ്പെടെ ആശ്രമവാസികള്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു
'ഷിബുസ്വാമിക്ക് ആദരാഞ്ജലികള്‍ ' എന്നെഴുതിയ റീത്ത് കൊണ്ടുവച്ചത് താനാണെന്ന് കൃഷ്ണകുമാര്‍ ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയതായാണ് ലഭിക്കുന്ന വിവരം. സംഭവത്തിലെ മുഖ്യപ്രതി പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൃഷ്ണകുമാര്‍ ഉള്‍പ്പെടെ മൂന്നുപേരെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് വ്യക്തമായ തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിൽ ക്രൈം ബ്രാഞ്ച് തുടർനടപടിയിലേക്ക് കടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...