തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ മഴയും തുടര്‍ന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഡെങ്കിപ്പനി വ്യാപനത്തിന് ഏറെയാണ്. അതിനാല്‍ വകുപ്പുകള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. മെഡിക്കല്‍ ഓഫീസര്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസറായതിനാല്‍ യോഗം ചേര്‍ന്ന് പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വാര്‍ഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തമാക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്. ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉഷ്ണ തരംഗത്തിന്റെ നിലവിലെ സാഹചര്യവും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ ജാഗ്രത കലണ്ടര്‍ അനുസരിച്ചുള്ള ഡ്രൈ ഡേ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇടവിട്ടുള്ള മഴ, അമിതമായ ചൂട്, കാലാവസ്ഥ വ്യതിയാനം എന്നിവ കാരണം പലതരം പകര്‍ച്ചവ്യാധികളുണ്ടാകാന്‍ സാധ്യതയുണ്ട്. അതനുസരിച്ചുള്ള ജാഗ്രത പാലിക്കണം. ഡെങ്കിപ്പനി ചെറുതായി വര്‍ധിച്ചു വരുന്നതായാണ് സൂചന. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകള്‍ വളരെയധികം ശ്രദ്ധിക്കണം. തദ്ദേശ സ്ഥാപന തലത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. വീടിനും സ്ഥാപനങ്ങള്‍ക്കും അകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്താനുള്ള സാഹചര്യം ഒഴിവാക്കണം. ഡെങ്കിപ്പനി പ്രതിരോധം എല്ലാവരുടേയും ഉത്തരവാദിത്തമാണ്.


ALSO READ: വയനാട് കമ്പമലയിൽ 9 റൗണ്ട് വെടിയൊച്ച; മാവോയിസ്റ്റുകളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ


എലിപ്പനി ഏറെ ശ്രദ്ധിക്കണം. മലിന ജലത്തിലിറങ്ങുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. ആശുപത്രികളില്‍ മരുന്നുകളുടെ സ്റ്റോക്ക് ഉറപ്പ് വരുത്തണം.


എച്ച് 1 എന്‍ 1, ചിക്കന്‍ പോക്‌സ്, ഹെപ്പറ്റെറ്റിസ്, മലമ്പനി, ജലജന്യ രേഗങ്ങള്‍ തുടങ്ങിയവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിഥി തൊഴിലാളികളിലുള്‍പ്പെടെ മലമ്പനി റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പ്രതിരോധം ശക്തമാക്കണം. തൊഴില്‍ വകുപ്പിന്റെ സഹകരണത്തോടെ അവബോധം ശക്തമാക്കും. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കും. താറാവുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമായി തുടരുന്നു. സംസ്ഥാന തലത്തില്‍ പക്ഷിപ്പനി പ്രതിരോധത്തിന് എസ്.ഒ.പി. തയ്യാറാക്കാന്‍ നിര്‍ദേശം നല്‍കി. കോഴിക്കോട്, വയനാട് ജില്ലകളില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം.


ഉഷ്ണ തരംഗം തുടരുന്നതിനാല്‍ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണിവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ശുദ്ധമായ വെള്ളം മാത്രമേ കുടിക്കാവൂ. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്. ഭക്ഷ്യ വസ്തുക്കള്‍ തുറന്ന് വയ്ക്കരുത്. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്.


ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, മെഡിക്കല്‍ കോളേജുകളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.