പാലാ ഉപതിരഞ്ഞെടുപ്പ്: പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്
രണ്ടില ചിഹ്നം വേണമെന്ന ജോസ് ടോമിന്‍റെ പത്രികയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ വാദിക്കും.
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ ഇന്ന് സൂക്ഷ്മ പരിശോധന നടത്തും. 17 സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദ്ദേശ [പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കുന്നതിനെ ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജോസഫ് കണ്ടത്തില്‍ എതിര്‍ക്കുവാനാണ് സാധ്യത.
രണ്ടില ചിഹ്നം വേണമെന്ന ജോസ് ടോമിന്‍റെ പത്രികയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ വാദിക്കും.
ചിഹ്നം ആവശ്യപ്പെട്ട് ജോസ് പക്ഷം നേതാവ് സ്റ്റീഫന്‍ ജോര്‍ജ്ജാണ് ഫോം എയും ബിയും ഒപ്പിട്ട് സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാന്‍റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്നാണ് ജോസഫ് പക്ഷത്തിന്‍റെ വാദം.
ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പിജെ ജോസഫ് നല്‍കിയ കത്തും മുന്‍പിലുണ്ട്.
അതേസമയം കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ. ജോസഫിന് ജോസ് കെ മാണി കത്തയച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് ഇ മെയില്‍ വഴിയാണ് കത്തയച്ചത്.
എന്തായാലും 'രണ്ടില' ചിഹ്നം ജോസ് ടോമിന് കിട്ടുമോയെന്ന് ഇന്നറിയാം.