തിരുവനന്തപുരം: സ്വാശ്രയ വിഷയത്തിലെ പ്രതിഷേധത്തിൽ നിയമസഭ നിർത്തിവച്ചു. സ്വാശ്രയ കരാറിനുപിന്നിൽ കോഴയെന്ന് ആരോപിച്ച് പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്നു. സഭ നിർത്തിവച്ച് സ്വാശ്രയ വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളുകയായിരുന്നു. യുഡിഎഫ് വിട്ട് പ്രത്യേക ബ്ലോക്കായി ഇരുന്ന കെ.എം.മാണിയും കേരള കോണ്‍ഗ്രസും സഭയില്‍ നിന്നു ഇറങ്ങിപ്പോയി. സഭ നിര്‍ത്തിവച്ച്‌ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കര്‍ തള്ളുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വാശ്രയ മാനേജ്മെന്റ് കരാറിലൂടെ നേട്ടമാണ് ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ സഭയില്‍ പറഞ്ഞു. 120 സീറ്റുകള്‍ കൂടി ബിപിഎല്‍ വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു.മെറിറ്റ് സീറ്റുകള്‍ 850 ആയിരുന്നത് 1150 ആയി വര്‍ധിച്ചു. കരാറില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തൃപ്തരാണെന്നും തൃപ്തിയില്ലാത്തത് പ്രതിപക്ഷത്തിനു മാത്രമാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.


സ്വാശ്രയ പ്രശ്നത്തില്‍ വി.എസ്.ശിവകുമാര്‍ നല്‍കിയ അടിയന്തരപ്രമേയ നോട്ടിസിനും ആരോഗ്യമന്ത്രി ഇതേ മറുപടി ആവര്‍ത്തിച്ചു. മെഡിക്കല്‍ ഫീസ് വര്‍ധനവ് മൂലം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടായ ബുദ്ധിമുട്ട് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. ഫീസ് കൂട്ടിയിട്ട് സീറ്റ് വര്‍ധിപ്പിച്ചുവെന്നു പറയുന്നതില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലെന്നു ശിവകുമാര്‍ പറഞ്ഞു.


എന്നാല്‍, മാനേജുമെന്റുകളുടെ ആനുകൂല്യം പറ്റുന്നവരാണ് പ്രതിപക്ഷം. പലരുടെയും മക്കൾ ഫീസില്ലാതെ സ്വാശ്രയ കോളജുകളിൽ പഠിക്കുന്നുണ്ട്. ഇവരുടെ പേരുകൾ പറയുന്നില്ലെന്ന് മന്ത്രി വ്യക്തമാക്കി. ധൈര്യമുണ്ടെങ്കിൽ അവരുടെ പേരുകൾ പറയണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ വെല്ലുവിളിച്ചു.