KM Roy: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെഎം റോയ് അന്തരിച്ചു
കൊച്ചിയിലെ കെപി വള്ളോൻ റോഡിലെ വസതിയിൽ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെഎം റോയ് അന്തരിച്ചു. 82 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഏഴ് വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലെ കെപി വള്ളോൻ റോഡിലെ വസതിയിൽ ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ഒരു വശം തളർന്നു പോയെങ്കിലും മാധ്യമമേഖലയിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. എഴുത്തുകാരനായും പ്രഭാഷകനായും അദ്ദേഹം വിവിധ മേഖലകളിൽ അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചു.
1932 ഏപ്രിൽ രണ്ടിന് എറണാകുളത്ത് ജനിച്ച കെഎം റോയ് വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി പിന്നീട് മാധ്യമപ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു. മഹാരാജാസ് കോളേജിൽ അദ്ദേഹത്തിന്‍റെ പാർട്ടിയായ കെഎസ്പിയുടെ വിദ്യാർഥിനേതാവായിരുന്നു കെഎം റോയ്. മികച്ച പ്രസംഗ ശൈലിയായിരുന്നു അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. കൊച്ചി കോർപ്പറേഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്‍റെ ജനറൽ എഡിറ്ററായിരിക്കെയാണ് മാധ്യമരംഗത്ത് നിന്ന് അദ്ദേഹം വിരമിച്ചത്.
1961ൽ കേരള പ്രകാശം പത്രത്തിൽ സഹപത്രാധിപരായാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. ദേശബന്ധു, കേരള ഭൂഷണം എന്നിവയുടെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചു. ഇക്കണോമിക് ടൈംസ്, ദി ഹിന്ദു, യുഎൻഐ എന്നിവയുടെ റിപ്പോർട്ടറായും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തന യൂണിയൻ ഭാരവാഹിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് തവണ പത്രപ്രവർത്തക യൂണിയന്റെ (കെയുഡബ്ല്യുജെ) സംസ്ഥാന പ്രസിഡന്റും ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റിന്റെ സെക്രട്ടറി ജനറലുമായിരുന്നു അദ്ദേഹം.
മംഗളം വാരികയിൽ കാൽനൂറ്റാണ്ടോളം ഇരുളും വെളിച്ചവും എന്ന പംക്തി എഴുതി. നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. മോഹം എന്ന പക്ഷി, സ്വപ്ന എന്റെ ദുഖം, മനസിൽ എന്നും മഞ്ഞുകാലം (നോവലുകൾ), കാലത്തിന് മുമ്പേ നടന്ന മാഞ്ഞൂരാൻ ( ജീവചരിത്രം), മരിച്ചവരുടെ ഓർമ്മയ്ക്ക് (സ്മരണ), തുറന്ന മനസോട പുതിയ ചൈനയിൽ, ആഥോസ് മലയിൽ നിന്ന് (യാത്രാ വിവരങ്ങൾ), അയോധ്യയിലെ ശ്രീരാമൻ ഒരു പോസ്റ്റ്മോർട്ടം, കറുത്ത പൂച്ചകൾ ചുവന്ന പൂച്ചകൾ, നന്ദിഗ്രാമുകൾ ഉണ്ടാകുന്നത് (പി.കെ ശിവദാസുമായി ചേർന്ന് രചിച്ചത്), 10 ലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം, ഗാന്ധി അബ്ദുല്ല ഗാന്ധി ഗോഡ്സേ എന്നീ പുസ്തകങ്ങൾ രചിച്ചു.
നിരവധി പുരസ്കാരങ്ങൾക്കും അദ്ദേഹം അർഹനായിട്ടുണ്ട്. സഹോദരൻ അയ്യപ്പൻ അവാർഡ്, മുട്ടത്തുവർക്കി ഫൗണ്ടേഷൻ അവാർഡ്, ഇന്ദിരാഗാന്ധി ഫോറം-സിപി ശ്രീധരൻ അവാർഡ്, റഹീം മേച്ചേരി അവാർഡ്, കേസരി രാഷ്ട്രസേവാ അവാർഡ്, ഫൊക്കാനാ അവാർഡ്, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്ടൈം അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...