സി.പി.എമ്മിലെ മുതിര്‍ന്ന നേതാവും മുന്‍ എം.പിയും, എം.എല്‍.എയുമായിരുന്ന കെ.അനിരുദ്ധന്‍  ഇന്നലെ രാത്രി പതിനൊന്നരയ്ക്ക് അന്തരിച്ചു. 92 വയസായിരുന്നു. തിരുവനന്തപുരം വഴുതയ്ക്കാട് മകന്‍ എ.സമ്പത്ത് എം.പിയുടെ വസതിയിലായിരുന്നു അന്ത്യം. മൃതദേഹം 11 മണി വരെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം തുടര്‍ന്ന് സി.പിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലും ഒരു മണിയോടെ വി.ജെ.ടി ഹാളിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാലിന് നടക്കും.


തിരുവനന്തപുരം ജില്ലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കെ. അനിരുദ്ധന്‍1963യില്‍ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുവര്‍ഷത്തിന് ശേഷം  ജയില്‍ വാസത്തിനിടെ വീണ്ടും ആറ്റിങ്ങലില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്ന് മുഖ്യമന്ത്രിയായിരുന്ന ആര്‍.ശങ്കറിനെയാണ് അനിരുദ്ധന്‍ പരാജയപ്പെടുത്തിയത്. 1967ല്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് ആര്‍.ശങ്കറിനെ പരാജയപ്പെടുത്തി ലോക്സഭയിലും അംഗത്വം നേടി. പിന്നീട് 79ലെ ഉപതിരഞ്ഞെടുപ്പിലും 80ലും നിയമസഭാംഗമായി.