തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; അധ്യാപകനെ പുറത്താക്കണമെന്ന് വിദ്യാർഥികൾ, അറസ്റ്റ് വരെ സമരം
സുനിൽ കുമാറിനെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം തുടരുന്നത്.
തൃശൂർ: സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെതിരെ സമരം. അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് വിദ്യാർഥികൾ അറിയിച്ചു. ബലാത്സംഗ കുറ്റത്തിന് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇതേ തുടർന്ന് സ്കൂൾ ഓഫ് ഡ്രാമ ഡീൻ ഡോ. എസ് സുനിൽ കുമാറിനെ യൂണിവേഴ്സിറ്റി സസ്പെൻഡ് ചെയ്തു. എന്നാൽ, സുനിൽ കുമാറിനെ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പുറത്താക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം തുടരുന്നത്.
മുൻപ് അധ്യാപകനിൽ നിന്ന് നേരിട്ട ചൂഷണങ്ങളെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടെങ്കിലും വേണ്ട നടപടിയുണ്ടായില്ലെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ബന്ധപ്പെട്ട അധികൃതരും അധ്യാപകനെതിരെ നടപടി സ്വീകരിച്ചില്ല. വിമൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിൽ പെൺകുട്ടി നേരിട്ട അതിക്രമത്തെ കുറിച്ച് കുറിപ്പ് പങ്കുവച്ചിരുന്നു. പെൺകുട്ടിക്ക് കേസിൽ നിന്ന് പിന്മാറാൻ സമ്മർദ്ദങ്ങൾ ഉണ്ടാകുന്നുണ്ടെന്നും വിദ്യാർഥികൾ പറഞ്ഞു.
ബലാത്സംഗ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾക്ക് പോലീസ് മുതിരുന്നില്ലെന്നാണ് വിദ്യാർഥികൾ ആരോപിക്കുന്നത്. ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് സുനിൽകുമാർ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. പരാതി നൽകിയപ്പോൾ സ്റ്റേഷൻ എസ്ഐ വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ഓറിയന്റേഷൻ ക്ലാസ്സിനിടെ താൽക്കാലിക അധ്യാപകൻ രാജ വാര്യർ പരാതിക്കാരിയായ പെൺകുട്ടിയെ തല്ലിയിരുന്നു. ഇതിനേപ്പറ്റി സ്കൂൾ ഓഫ് ഡ്രാമ ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതി നൽകി. പെൺകുട്ടിക്ക് പിന്തുണയുമായി എത്തിയ സുനിൽ കുമാർ പിന്നീട് സൗഹൃദം മുതലെടുത്ത് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് പരാതി. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...