നെടുമ്പാശ്ശേരി സ്വര്‍ണക്കടത്തിന് പിന്നില്‍!!
കോടികളുടെ സ്വര്‍ണമാണ് കൊച്ചി വഴി മൂവാറ്റുപുഴ സംഘം കടത്തുന്നതെന്ന് ഡി.ആര്‍.ഐ.കണ്ടെത്തിയിട്ടുണ്ട്.
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍സംഘം പ്രവര്‍ത്തിക്കുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന് (ഡി.ആര്‍.ഐ.) വിവരം ലഭിച്ചു.
വെള്ളിയാഴ്ച വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി അദിനാന്‍ ഖാലിദിനെയും കസ്റ്റംസ് ഹെഡ് ഹവില്‍ദാര്‍ എറണാകുളം കണ്ണമാലി സ്വദേശി സുനില്‍ ഫ്രാന്‍സിസിനെയും ചോദ്യം ചെയ്തപ്പോഴാണ് ഡി.ആര്‍.ഐയ്ക്ക് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
കോടികളുടെ സ്വര്‍ണമാണ് കൊച്ചി വഴി മൂവാറ്റുപുഴ സംഘം കടത്തുന്നതെന്ന് ഡി.ആര്‍.ഐ.കണ്ടെത്തിയിട്ടുണ്ട്. നാല് വര്‍ഷം മുമ്പ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ തന്നെയാണ് ഇപ്പോഴും കൊച്ചി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതെന്നാണ് ഡി.ആര്‍.ഐയുടെ നിഗമനം.
നാല് വര്‍ഷം മുമ്പ്‌സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ അടക്കം 36 പേരെയാണ് കസ്റ്റംസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഇതില്‍ ഒമ്പത് പേരെ കോഫേപോസ ചുമത്തി ജയിലിലടച്ചിരുന്നു.
എന്നാല്‍ ഇവരെല്ലാം ഇപ്പോള്‍ ജയില്‍ മോചിതരാണ്. സംഘത്തിലെ പ്രധാനികള്‍ പിന്നെയും സ്വര്‍ണക്കടത്തില്‍ സജീവമായതായാണ് ഡി.ആര്‍.ഐക്ക് ലഭിച്ച വിവരം. വെള്ളിയാഴ്ച അറസ്റ്റിലായ അദിനാന്‍ മുമ്പും ഹെഡ് ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസുമായി ചേര്‍ന്ന് സ്വര്‍ണം കടത്തിയതായി വ്യക്തമായിട്ടുണ്ട്.
വിസിറ്റിങ് വിസയില്‍ ദുബൈയില്‍ പോകുന്ന അദിനാന്‍ മടങ്ങിവരുമ്പോള്‍ സ്വര്‍ണവുമായാണ് എത്തുക. കൊച്ചിയില്‍ ഇറങ്ങുമ്പോള്‍ അദിനാന്‍ സ്വര്‍ണം ഹെഡ്ഹവില്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിന് കൈമാറും.
ഇയാള്‍ ഈ സ്വര്‍ണം വിമാനത്താവളത്തിന് പുറത്തെത്തിച്ചു നല്‍കും. വന്‍തുകയാണ് ഇതിന് പാരിതോഷികമായി കൈപ്പറ്റാറുള്ളത്. വിമാനത്താവളത്തിന് പുറത്ത് കാറില്‍ ഇരുന്നാണ് പലപ്പോഴും സ്വര്‍ണവും പാരിതോഷികവും കൈമാറുന്നത്. വെള്ളിയാഴ്ച സുനിലിന്റെ കാറില്‍നിന്ന് 1.75 ലക്ഷം രൂപ ഡി.ആര്‍.ഐ.കണ്ടെടുത്തിരുന്നു.
സ്വര്‍ണക്കടത്തിന് പാരിതോഷികമായി ലഭിച്ചതാണ് ഈ തുകയെന്നാണ് ഡി.ആര്‍.ഐ. ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ തുക സര്‍ക്കാറിലേക്ക് കണ്ടുകെട്ടി.
മൂന്ന് കിലോ സ്വര്‍ണവുമായി ദുബൈയില്‍നിന്ന് എത്തിയപ്പോഴാണ് അദിനാന്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായത്. ശൗചാലയത്തില്‍ വെച്ച് അദിനാനില്‍നിന്ന് സ്വര്‍ണം വാങ്ങി പുറത്തേക്ക് കടക്കുന്നതിനിടെ സുനില്‍ ഫ്രാന്‍സിസിനെയും ഡി.ആര്‍.ഐ.കൈയോടെ പിടികൂടുകയായിരുന്നു.