പത്തനംത്തിട്ട: ശബരിമല സന്നിധാനത്ത് നെയ്യ്, ശ‍ർക്കര എന്നിവയ്ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. ഇത് അപ്പം, അരവണ നിർമാണത്തെ ബാധിക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ, അരവണ, അപ്പം നിര്‍മാണത്തിനായി ശര്‍ക്കരയും നെയ്യും  പുറത്തുനിന്നു വാങ്ങാനൊരുങ്ങുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്.


ടെന്‍ഡര്‍ ഏറ്റെടുത്ത കമ്പനിക്ക് ശര്‍ക്കര നല്‍കാന്‍ കഴിയാത്തതും തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന നെയ്യ് തികയാതെ വരുന്നതുമാ പ്രതിസന്ധിക്ക് കാരണം. 


ശബരിമല ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ അരവണയുടെയും അപ്പത്തിന്റെയും കരുതല്‍ ശേഖരമുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.


എന്നാല്‍ ഗുണനിലവാരമുള്ള ശര്‍ക്കരയുടെ ക്ഷാമം പ്രസാദ നിര്‍മാണത്തെ സ്വാധീനിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. 


ശർക്കര നൽകാനുള്ള ടെൻഡർ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്കാണ്. എന്നാൽ മഴ മൂലം ഉത്പാദനം തടസ്സപ്പെട്ടതോടെ വിതരണം നിലച്ചു.


പ്രതിസന്ധി മറികടക്കാൻ അഞ്ച് ലക്ഷം കിലോ ശർക്കര പുറത്തുനിന്ന് വാങ്ങാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. ടെന്‍ഡറില്ലാതെ വാങ്ങുന്നതിനാല്‍ കൂടുതല്‍ പണം ചിലവാക്കേണ്ടി വരും. 


ശർക്കരയെക്കാൾ ക്ഷാമം നെയ്ക്കാണ്. പ്രതിസന്ധി മറികടക്കാൻ മാർക്കറ്റ്ഫെഡിൽ നിന്ന് നെയ്യ് വാങ്ങാനാണ് ദേവസ്വം ബോർഡിന്‍റെ തീരുമാനം. ഇതിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്.


അതേസമയം, മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ ശബരിമല സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.