സിയാ സീസൺസ് : കേരളത്തിലെ വനിതാ സംരംഭകരുടെ ഏറ്റവും വലിയ പ്രദർശനത്തിന് തുടക്കമായി
ഓൺലൈൻ സംരംഭകരും വീടുകളിൽ കസ്റ്റമൈസ്‌ഡ് ഉത്പന്നങ്ങൾ വിൽക്കുന്നവരുമാണ് പ്രദർശനത്തിനെത്തിയവരിൽ ഏറിയപങ്കും
വനിതാ സംരംഭകരുടെ കേരളത്തിലെ ഏറ്റവും വലിയ പ്രദർശനത്തിനും വാണിജ്യ സംഗമത്തിനും കൊച്ചിയിൽ തുടക്കമായി. വിദ്യാർഥിനികൾ, വീട്ടമ്മമാർ, അധ്യാപകർ തുടങ്ങി പ്രൊഫഷണലുകൾ വരെയുള്ള 250 വനിതാ സംരംഭകർ പ്രദർശനത്തിനെത്തിയിട്ടുണ്ട്. കോവിഡ് സമയത്ത് നേരമ്പോക്കിനായി തുടങ്ങിയവർ മുതൽ നൂതന ബിസിനസ് ആശയങ്ങളിലൂടെ ഓൺലൈൻ വിപണി കീഴടക്കിയവർ വരെ പ്രദർശനത്തിനെത്തിയിട്ടുണ്ട്. ന്യൂജെൻ ട്രെൻഡി വസ്ത്രങ്ങളുമായാണ് ഏറെ പേരും എത്തിയതെങ്കിലും ഹാൻഡ് ക്രാഫ്റ്റഡ് ക്രിസ്മസ് ആശംസ കാർഡുകൾ, ഹെർബൽ ഉത്പന്നങ്ങൾ, പാദരക്ഷകൾ, കർട്ടനുകൾ, ഫാൻസി ആക്‌സസറീസ് എന്നിവയ്ക്കും ആവശ്യക്കാരേറെയായിരുന്നു.
ഓൺലൈൻ സംരംഭകരും വീടുകളിൽ കസ്റ്റമൈസ്‌ഡ് ഉത്പന്നങ്ങൾ വിൽക്കുന്നവരുമാണ് പ്രദർശനത്തിനെത്തിയവരിൽ ഏറിയപങ്കും. പ്രദർശനങ്ങളിൽ മാത്രം ഉത്പന്നങ്ങൾ വിറ്റഴിക്കുന്ന സംരംഭകരും ഇക്കൂട്ടത്തിലുണ്ട്. ബ്രൗണീസ്, കേക്ക്, ഡോൾനട്ട് ,കുക്കീസ്, അച്ചാറുകൾ, ബിരിയാണി, മലബാർ വിഭവങ്ങൾ എന്നിവയിലെല്ലാം പുതിയ വിപണി കണ്ടെത്തിയ വനിതാ സംരംഭകരും തങ്ങളുടെ വിജയകഥകളുമായി സിയാ സീസൺസിന്റെ പത്തം എഡിഷനിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. ചോയ്‌സ് സ്‌കൂൾ അധ്യാപികയായ ജീനാ സജി ഹാൻഡ് ക്രാഫ്റ്റഡ് ഉത്പന്നങ്ങൾക്കും അലങ്കാര വസ്തുക്കൾക്കും ക്രിസ്മസ് സ്‌പെഷ്യൽ ഉത്പന്നങ്ങൾക്കും ആവശ്യക്കാരേറെയുണ്ടായിരുന്നു.
വീടുകളിൽ തന്നെ ഓർഡർ എടുത്ത് പാചക വിപണിയിൽ സ്വന്തം മേൽവിലാസം കുറിച്ചവർ, ഇൻസ്റ്റഗ്രാമിലൂടെ പ്രതിദിനം ആയിരങ്ങൾ വരുമാനം നേടുന്നവർ, ഒഴിവുവേളകൾ ക്രിയാത്മകമായി വിനിയോഗിച്ച് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പുത്തൻ വിപണി കണ്ടെത്തിയവർ, ഇവരുടെയെല്ലാം അനുഭവങ്ങൾ പങ്ക് വെയ്ക്കാനുള്ള പ്രത്യേക സെഷനുകളും നടന്നു. സിയാ സീസൺസ് പ്രദർശനം ഉമാ തോമസ് എം എൽ എയും ചലച്ചിത്രതാരം നേഹ സക്‌സേനയും ചേർന്ന് ഉദ്‌ഘാടനം ചെയ്തു. ജസ്റ്റിസ്.പി.എസ് . ഗോപിനാഥ് മുഖ്യാതിഥിയായിരുന്നു. സംവിധായകരായ സലാം ബാപ്പു, ഷലിൽ കല്ലൂർ, ടേബിൾ ടെന്നീസ് താരം നിതിത്ര ഈവന്റ് കോഡിനേറ്റര്‍ സീനത്ത് അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
സംരംഭകത്വ മേഖലയിലേക്ക് കടന്നു വരുന്ന വനിതകള്‍ക്ക് വഴികാട്ടിയായി വാണിജ്യ വ്യവസായ മേഖലയിലെ പ്രമുഖ വ്യക്തികളുടെ നേത്യത്വത്തില്‍ നടന്ന “ സ്റ്റാര്‍ട്ട്‌അപ്പ് , മീറ്റ് അപ്പ്” പരിപാടിയിൽ മോട്ടിവേഷണല്‍ സ്പീക്കര്‍ പ്രിയ ശിവദാസ്, പറക്കാട്ട് ജ്വലറി എം .ഡി പ്രീതി പറക്കാട്ട് എന്നിവർ സംസാരിച്ചു. സംരംഭം തുടങ്ങുന്നതിനുള്ള നിര്‍ദേശങ്ങള്‍, വിപണനസാദ്ധ്യതകള്‍, ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ പരസ്യരീതികള്‍, ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍, വ്യക്തിത്വ വികസന പരീശിലനം, മോട്ടിവേഷന്‍ ക്ലാസുകള്‍ ,മേഹന്ദി മത്സരം, എംബ്രോഡറി വര്‍ക്ക്ഷോപ്പ് എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
അതേസമയം വനിതാ സംരംഭക പ്രദർശനത്തിൽ കൊതിയൂറുന്ന മലബാർ വിഭവങ്ങളുമായി മാഹി സ്വദേശികളായ വനിതാ സംരംഭകർ എത്തിയിരിക്കുകയാണ് ജസീല ഷഹീദ്, റൂബിന റെയ്‌സ്, ജസീമ അഷറഫ് എന്നിവരാണ് മലബാർ പലഹാരങ്ങളും ബോയ്ൽഡ് ഗ്രേപ്പ് ജ്യൂസും ടെണ്ടർ കോക്കനട്ട് ജ്യൂസുമായി എത്തിയിരിക്കുന്നത്. മാഹി സ്വദേശികളായ ഇവർ കൊച്ചിയിൽ താമസിച്ച് മലബാർ ഡൈൻ എന്ന കൂട്ടായ്മ രൂപീകരിച്ചാണ് ഭക്ഷ്യ വിപണിയിൽ പുതിയ വിപണി സാധ്യത പരീക്ഷിച്ചത്. വീട്ടിലിരുന്ന് ഓർഡർ എടുത്താണ് ഇവർ പലഹാരങ്ങൾ തയാറാക്കുന്നത്.
പാർട്ടി ഓർഡറുകളും ചെറിയ ഓർഡറുകളും എടുക്കുന്നതിനൊപ്പം വ്യക്തിഗത ഓർഡറുകളും സ്വീകരിക്കും. ഇൻസ്റ്റഗ്രാം വഴിയും ഇവർ വിപണി കണ്ടെത്തിയിട്ടുണ്ട്. ഉന്നയിക്കായ, കായപ്പോള, കൽമാസ്, കല്ലുമ്മക്കായ്, ചിക്കൻ റോൾ, കട്‌ലറ്റ്, ഇറച്ചി പത്തിരി, ബൺ ഷവർമ, ചട്ടിപ്പത്തിരി, കുമ്പളങ്ങി പത്തിരി, തുടങ്ങി എല്ലാ മലബാർ വിഭവങ്ങളും കൊതുയൂറും രുചിയിൽ ഇവർ തയാറാക്കി നൽകും. എട്ടുവർഷം മുൻപ് മലബാർ കൂട്ടായ്മയിലൂടെ പൊതുരംഗത്തേക്ക് വന്നതോടെയാണ് ഇവർ വിപണിയിലെ സാദ്ധ്യതകൾ മനസിലാക്കി സംരംഭക വഴിയിലേക്ക് തിരിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...