സര്‍വെ നിര്‍ത്തിയാലും പദ്ധതിയില്‍ നിന്ന് പിന്മാറുന്നതു വരെ യു.ഡി.എഫ് സമരം തുടരും- വി ഡി സതീശൻ
ശാസ്ത്രസാഹിത്യ പരിഷത്തിലെ ആര്‍.വി.ജി മേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇതില്‍ നിന്നും പിന്‍മാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്
തിരുവനന്തപുരം: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്നതു വരെ കല്ലിടല്‍ നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ അനൗദ്യോഗികമായ തീരുമാനിച്ചിരിക്കുകയാണെന്നാണ് വിവരം. കല്ലിടല്‍ നിര്‍ത്തി വച്ചാലും സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിന്നും പൂര്‍ണമായും പിന്‍മാറുന്നു എന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതു വരെ യു.ഡി.എഫ് സമരവുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
സില്‍വര്‍ ലൈനിനെ കേരളത്തിലെ എല്ലാവരും എതിര്‍ക്കുകയാണ്. മുഖ്യമന്ത്രി പറയുന്ന ജനവിരുദ്ധ- വിദ്രോഹ കൂട്ടുകെട്ടില്‍ അച്യുതമേനോന്റെ മക്കളുണ്ടോ? കെ. ഗോവിന്ദപ്പിള്ളയുടെ മക്കളുണ്ടോ? ഈ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയിലെ ഏറ്റവും സമുന്നതരായ നേതാക്കളുടെ മക്കള്‍ സില്‍വര്‍ ലൈനില്‍ നിന്നും പിന്‍വാങ്ങണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ശാസ്ത്രസാഹിത്യ പരിഷത്തിലെ ആര്‍.വി.ജി മേനോന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും ഇതില്‍ നിന്നും പിന്‍മാറണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതയിലെ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും പദ്ധതിയില്‍ നിന്നും പിന്‍മാറണമെന്ന് ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ വിവിധ മത സംഘടനകളും സില്‍വര്‍ ലൈനില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞ ജനവിരുദ്ധ- വിദ്രോഹ കൂട്ടുകെട്ടില്‍ ഇവരെല്ലാം ഉണ്ടോയെന്നു കൂടി മുഖ്യമന്ത്രി വ്യക്തമാക്കണം.
സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്‍ക്കാരും സി.പി.എമ്മും അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.പണ്ട് കര്‍ഷക സമരം നടക്കുമ്പോള്‍ അതിനെതിരെ ജന്മികളും, തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ മുതലാളിമാരും നടത്തുന്ന പരിഹാസവാക്കുകളാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സി.പി.എം നേതാക്കളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്.
കേളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത എം.പിമാരെ ഒരു പ്രകോപനവുമില്ലാതെ ഡല്‍ഹി പോലീസ് ക്രൂരമായി ആക്രമിച്ചപ്പോള്‍ അതില്‍ മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും ആഹ്ലാദിക്കുകയാണ്. അതിനെ അപലപിക്കാതെ നിലവാരംവിട്ട് എം.പിമാര്‍ പെരുമാറിയെന്നാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്.
മുഖ്യമന്ത്രി ഭൂതമാകലം മറക്കുകയാണ്. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ കേരള നിയമസഭ അടിച്ചു തകര്‍ക്കാന്‍ അനുവാദം നല്‍കിയ ആളാണ് ഇന്നത്തെ മുഖ്യമന്ത്രി. അങ്ങനെയുള്ള ആളാണ് പാര്‍ലമെന്റ് അംഗങ്ങളെ വിവേകവും മര്യാദയും പഠിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. എം.പിമാര്‍ അടി കൊള്ളേണ്ട പണിയാണ് ചെയ്യുന്നതെന്നാണ് കോടിയേരി പറഞ്ഞത്.
പൊലീസ് സ്റ്റേഷനകത്തും ബോംബ് നിര്‍മിക്കുമെന്ന് പറഞ്ഞയാളാണ് കോടിയേരി. കോടിയേരിയും ഭൂതകാലം മറക്കുകയാണ്. ഇവര്‍ ഇപ്പോള്‍ ജന്മിമാരെയും കോര്‍പറേറ്റുകളെയും പോലെയാണ് സംസാരിക്കുന്നത്. ഇടത് പക്ഷത്തില്‍ നിന്നും തീവ്ര വലതുപക്ഷത്തേക്കുള്ള വ്യതിയാനം ഇവരുടെ ഭാഷയില്‍ നിന്നു തന്നെ വ്യക്തമാണെന്നും വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA