Silverline Project : മംഗലാപുരം വരെ സിൽവർലൈൻ; പിണറായി-ബസവരാജ് കൂടിക്കാഴ്ച നാളെ
Pinarayi Vijayan Basavaraj Bommai Meeting : ഓഗസ്റ്റ് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ സോണൽ മീറ്റിങ്ങിൽ വെച്ച് ഇക്കാര്യം ആദ്യം ചർച്ചയായിരുന്നു.
തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി, തലശ്ശേരി-മൈസൂർ-നിലമ്പൂർ നഞ്ചൻകോട് പാതകൾ സംബന്ധിച്ചുള്ള ചർച്ചകൾക്കായി കേരള-കർണാടക സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച നാളെ. ബെംഗളൂരുവിൽ വെച്ച് നാളെ ഞായറാഴ്ച രാവിലെ 9.30നാണ് പിണറായി വിജയൻ-ബസവരാജ് ബൊമ്മയ് കൂടിക്കാഴ്ച. സംസ്ഥാന സർക്കാരിന്റെ സിൽവർലൈൻ പദ്ധതി കേരള-കർണാടക അതിർത്തി ജില്ലയായ മംഗലാപുരം വരെ നീട്ടുന്നത് സംബന്ധിച്ച കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. കൂടാതെ ദക്ഷിണ റെയിൽവെയുമായി സംബന്ധിച്ചും തലശ്ശേരി-മൈസൂർ-നിലമ്പൂർ നഞ്ചൻകോട് ദേശീയ പാതകളുമായി ബന്ധപ്പെട്ട വിഷയങ്ങളും മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ചർച്ചയാകും.
ഓഗസ്റ്റ് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടെ സോണൽ മീറ്റിങ്ങിൽ വെച്ച് ഇക്കാര്യം ആദ്യം ചർച്ചയായിരുന്നു. യോഗത്തിൽ ആദ്യം സിൽവർലൈൻ പദ്ധതി മംഗലാപുരം വരെ നീട്ടുന്നത് അജണ്ടയിൽ വെച്ചിരുന്നു. എന്നാൽ വിഷയം ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ചർച്ച നടത്തിയതിന് ശേഷം മുന്നോട്ട് പോകാമെന്ന് ധാരണയായതോടെ അജണ്ടയിൽ നിന്നും മാറ്റുകയായിരുന്നു. തുടർന്നാണ് നാളെ ഞായറയാഴ്ചത്തേക്കുള്ള കൂടിക്കാഴ്ച നിശ്ചയിക്കുന്നത്.
ALSO READ : ഗവർണർ - സർക്കാർ വാക്ക്പോര്: ഗവർണർക്ക് പിന്തുണയുമായി കെ സുധാകരൻ
പദ്ധതിയുടെ ഡിപിആർ ഉൾപ്പെടെ മറ്റ് സാങ്കേതിക വിവരങ്ങൾ കേരളം നാളെ കർണാടകയ്ക്ക് കൈമാറും. ഇത് കൂടാതെ സോണൽ യോഗത്തിൽ തമിഴ്നാട് മുന്നോട്ട് വെച്ച അതിവഗ റെയിൽ ഇടനാഴിയും സിൽവലൈനുമായി ബന്ധിപ്പിക്കുവാനും സംസ്ഥാനം നിലപാട് എടുത്തേക്കും. മധുര, ചെന്നൈ, തൂത്തുക്കുടി നഗരങ്ങളെ ബന്ധിപ്പിച്ചുള്ള തമിഴ്നാടിന്റെ അതിവേഗ ഇടനാഴി അയൽ സംസ്ഥാനങ്ങളുടെ അതിർത്തികളിൽ ബന്ധിപ്പിക്കും. അതിർത്തികളിൽ വെച്ച് സിൽവർലൈനും ചേർത്ത് ഒരു സംയുക്ത ഇടനാഴി ഒരുക്കാനാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.