തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയ്ക്കെതിരെ ഗൈനക്കോളജിസ്റ്റ് ഡോ. ലളിതാംബിക കരുണാകരന്‍റെ മൊഴി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി സെഫി കൃത്രിമമായി ഹൈമെനോപ്ലാസ്റ്റി സര്‍ജറി ചെയ്തുവെന്നാണ് ഡോക്ടര്‍ മൊഴി നല്‍കി. 


അഭയ കേസിലെ പ്രോസിക്യൂഷന്‍ പത്തൊന്‍പതാം സാക്ഷിയാണ് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി ഡോക്ടര്‍ ഡോ. ലളിതാംബിക കരുണാകരന്‍. 


സിബിഐ കോടതിയിൽ വിചാരണയ്ക്കിടെയാണ് സെഫിയ്ക്കെതിരെ ഡോക്ടര്‍ മൊഴി നൽകിയത്.


2008 നവംബർ 19ന് സിബിഐ അറസ്റ്റ് ചെയ്ത സിസ്റ്റർ സെഫിയെ മെഡിക്കലിന് വിധേയാക്കിയപ്പോൾ ഗൈനെക്കോളജി ഡിപ്പാർട്മെന്‍റിന്‍റെ മേധാവിയായിരുന്നു ഡോ. ലളിതാംബിക. 


അന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സിസ്റ്റർ സെഫി ഹൈമെനോപ്ലാസ്റ്റി സർജറി ചെയ്തതായി കണ്ടുപിടിച്ചത്. ഇത് സംബന്ധിച്ച് 2008 നവംബർ 28 ന് സിബിഐയ്ക്ക് മൊഴി നൽകുകയും ചെയ്തിരുന്നു.


കേരളത്തിന് പുറത്തുള്ള സ്വകാര്യ ആശുപത്രിയില്‍ സെഫി കന്യാചര്‍മം കൃത്രിമമായി വച്ചു പിടിപ്പിച്ചെന്ന സിബിഐയുടെ കണ്ടെത്തല്‍ ശരി വയ്ക്കുന്നതാണ് പുതിയ മൊഴി. 


പ്രതിഭാഗത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് അടച്ചിട്ട മുറിയിലാണ് കോടതി ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയത്. രാവിലെ പത്തിന് ആരംഭിച്ച വിസ്താരം ഉച്ചക്ക് രണ്ടുമണിവരെ തുടര്‍ന്നു. 


വിചാരണയുടെ എല്ലാ വിവരങ്ങളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്. അതിനാൽ പ്രതിയുടെ സ്വകാര്യതയെ മാനിച്ച് ഡോക്​ടറുടെ മൊഴിയെടുക്കുന്നത് അടച്ചിട്ട കോടതി മുറിക്കുള്ളിൽ വേണമെന്നായിരുന്നു പ്രതിഭാഗത്തി​​ന്‍റെ ആവശ്യം. 


കൂടാതെ, ഡോക്ടര്‍മാരായ പ്രവീണ്‍, കൃഷ്ണവേണി എന്നിവരെ വിസ്തരിക്കാന്‍ കഴിയില്ലെന്നു കാണിച്ച്‌ പ്രതിഭാഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ശനിയാഴ്ച വിധി പറയും.


അഭയ കൊലക്കേസിലെ പ്രതികളായ തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നീ പ്രതികളുടെ നുണപരിശോധന നടത്തിയ ബംഗളൂരുവിലെ ഫോറന്‍സിക് വകുപ്പ് ഡോക്ടര്‍മാരാണ് പ്രവീണും കൃഷ്ണവേണിയും.