സോളാർ പീഡന പരാതി: സിബിഐ സംഘം ക്ലിഫ് ഹൗസിൽ; പരാതിക്കാരിയുമായി തെളിവെടുപ്പ്
രാവിലെ 10 മണിയോടെ പരാതിക്കാരിയുമായെത്തിയാണ് ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് തുടങ്ങിയത്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ സോളാർ പീഡന പരാതിയിൽ സിബിഐ അന്വേഷണ സംഘം പരാതിക്കാരിയുമായി തെളിവെടുപ്പ് നടത്തുന്നു. ക്ലിഫ് ഹൗസിൽ ആരംഭിച്ച തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ഇതാദ്യമായാണ് ഒരു കേന്ദ്ര അന്വേഷണ ഏജൻസി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തെളിവെടുപ്പ് നടത്തുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ നടത്തുന്ന അന്വേഷണത്തിന് രാഷ്ട്രീയ മാനവും കൈവരികയാണ്.
രാവിലെ 10 മണിയോടെ പരാതിക്കാരിയുമായെത്തിയാണ് ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് തുടങ്ങിയത്. ഓട്ടോറിക്ഷയിൽ വനിതാ പൊലീസുകാരിക്കൊപ്പമാണ് പരാതിക്കാരിയെത്തിയത്. ആറ് കേസുകളാണ് സോളാർ പീഡന പരാതിയുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്നത്. മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ ബിജെപിയുടെ ദേശീയ നേതാവുമായിരുന്ന എ.പി.അബ്ദുള്ളക്കുട്ടി ഉൾപ്പടെയുള്ളവർക്കെതിരെ പരാതികളിലാണ് അന്വേഷണം. ഹൈബി ഈഡൻ എം.എൽ.എ ആയിരുന്നപ്പോൾ താമസിച്ചിരുന്ന നിയമസഭ ഹോസ്റ്റലിലെ നിള 33,34 മുറികളിൽ ഏപ്രിൽ അഞ്ചിന് പരിശോധന നടത്തിയിരുന്നു.ഇത് നേരത്തെ പൂർത്തിയാക്കിയിരുന്നു.
ഇതോടൊപ്പം കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എ പി അനിൽകുമാറുമായി ബന്ധപ്പെട്ട് നടന്ന പരാതിയിലും അന്വേഷണം നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി അനിൽകുമാറിൽ നിന്ന് നേരത്തെ സിബിഐ മൊഴിയെടുത്തിരുന്നു. അദ്ദേഹത്തിൻ്റെ ജഗതിയിലെ വീട്ടിലെത്തിയാണ് അന്ന് മൊഴി എടുത്തിരുന്നത്. ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പുണ്ടോയെന്ന് തെളിയിക്കാൻ മറ്റു നേതാക്കളിൽ നിന്നുള്ള തെളിവെടുപ്പും സിബിഐ തുടരും.
ഇതാദ്യമായാണ് ഒരു കേന്ദ്ര അന്വേഷണ ഏജൻസി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തെളിവെടുപ്പ് നടത്തുന്നത്. മുഖ്യമന്ത്രി വിദേശത്തായിരിക്കെയാണ് തെളിവെടുപ്പ്. അദ്ദേഹം അമേരിക്കയിൽ നിന്ന് 11നാണ് മടങ്ങിയെത്തുക. അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് കൂടി പ്രഖ്യാപിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വസതി കേന്ദ്രീകരിച്ച് നടത്തുന്ന തെളിവെടുപ്പും തുടർനടപടികളും വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും ചൂടൻ ചർച്ചകൾക്കും വഴിയൊരുക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...