തിരുവനന്തപുരം: സോളാര്‍ കേസിന്‍റെ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ഹൈക്കോടതിയില്‍ വന്ന അഭിഭാഷകന് ചെലവായി കണക്കാക്കിയത് ഒരുകോടി രൂപ. സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ ചാണ്ടിയും മറ്റുള്ളവരും നല്‍കിയ കേസില്‍ സര്‍ക്കാരിനായി വാദിക്കാന്‍ സുപ്രീം കോടതിയില്‍നിന്നും കൊണ്ടുവന്ന അഭിഭാഷകാനാണ് ഒരു കോടിയുടെ ചിലവ്.


COMMERCIAL BREAK
SCROLL TO CONTINUE READING

സരിതയും സംഘവും ചേര്‍ന്ന് 37 പേരില്‍ നിന്നായി തട്ടിച്ച ആറര കോടി രൂപയില്‍ സര്‍ക്കാരിന് സാമ്പത്തിക നഷ്ടമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അന്വേഷണത്തിനു നിയോഗിതനായ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനായി സര്‍ക്കാര്‍ ചെലവിട്ടത് ഏഴരക്കോടി രൂപ.


ഹൈക്കോടതിയിലെത്തിയ കേസ് ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി ഹാജരായത് കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബലാണ്. 


സര്‍ക്കാരിനായി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാറിന് ദിവസം 20 ലക്ഷം രൂപയാണ് ഫീസ്. അങ്ങനെ നാലുദിവസം കേസ് കോടതിയില്‍ വന്നു. കൂടാതെ, വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയും നക്ഷത്ര ഹോട്ടലിലെ താമസവും കൂടെയാകുമ്പോള്‍ ചിലവ് ഒരുകോടി തികയും. ഇത് സംബന്ധിച്ച ഫയല്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. 


അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ 120-ഓളം അഭിഭാഷകര്‍ സര്‍ക്കാരിനായുള്ള സാഹചര്യത്തിലും ഷുഹൈബ് വധത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് വാദിക്കാനായി ഡല്‍ഹിയില്‍ നിന്ന് സര്‍ക്കാര്‍ അഭിഭാഷകനെ കൊണ്ടുവന്നതും ശ്രദ്ധേയമാണ്.