സൗമ്യ കൊലകേസ്: പ്രോസിക്യൂഷന് ഗുരുതര വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി∙ സൗമ്യ വധക്കേസിൽ പ്രോസിക്യൂഷനു ഗുരുതര വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ടതാണോ, സൗമ്യ സ്വയം ചാടിയതോ എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാരും സൗമ്യയുടെ അമ്മ സുമതിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടതിനെതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി 17 ലേക്കു മാറ്റി.
സാക്ഷി മൊഴി അനുസരിച്ച് സൗമ്യയെ ഗോവിന്ദച്ചാമിയാണ് തള്ളിയിട്ടത് എന്ന് വിശ്വസിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ തന്നെ ഹാജരാക്കിയ നാലാമത്തെയും നാല്‍പ്പതാമത്തെയും സാക്ഷികൾ നൽകിയ മൊഴിയനുസരിച്ച് പെൺകുട്ടി എടുത്തു ചാടിയതായി പറയുന്നു. ഇതാണ് സത്യമെങ്കിൽ കൊലപാതകത്തിന് ഗോവിന്ദച്ചാമിക്കുള്ള പങ്ക് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കുറ്റം ചെയ്തതെന്ന് 101 ശതമാനം തെളിവുണ്ടെങ്കില്‍ മാത്രമേ ഒരു പ്രതിയെ വധശിക്ഷയ്ക്ക് വിധിയ്ക്കാനാകൂ എന്നും സംശയത്തിന്‍റെ ഒരു കണിക പോലും ഉണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് കേസ് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കി വധശിക്ഷ റദ്ദാക്കിയതിനെതിരെ സംസ്‌ഥാന സർക്കാരും സൗമ്യയുടെ അമ്മ സുമതി ഗണേശും നൽകിയ പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതി ഇന്നു പരിഗണിച്ചത്. തുറന്ന കോടതിയിലായിരുന്നു കേസിന്‍റെ വാദം കേൾക്കൽ.
സൗമ്യ ട്രെയിനില്‍ നിന്നും പുറത്തേയ്ക്ക് എടുത്തു ചാടി രക്ഷപെടുകയായിരുന്നു എന്ന സാക്ഷിമൊഴികളാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. നാലാമത്തെയും നാല്‍പ്പതാമത്തെയും സാക്ഷിമൊഴികളും സൗമ്യയുടെ ശരീരത്തിലെ രണ്ട് മുറിവുകളും കണക്കിലെടുത്താണ് കോടതി വധശിക്ഷ മാറ്റിയത്.