തിരുവനന്തപുരം: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധി മനഃസാക്ഷി ഉള്ളവരെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉടൻ സർക്കാർ റിവ്യൂ പെറ്റീഷൻ നൽകുമെന്നും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം സൗമ്യയുടെ കുടുംബത്തിന്‌ നീതി ലഭ്യമാക്കാനായി ഉറപ്പാക്കുകയും ചെയ്യുമെന്നും പിണറായി പ്രസ്താവനയിലൂടെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോറന്‍സിക് തെളിവുകള്‍ അടക്കം നിരവധി കാര്യങ്ങള്‍ ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം തെളിയിക്കുന്ന തരത്തില്‍ ഉയര്‍ന്നുവന്നിരുന്നു. കൈനഖങ്ങള്‍ക്കിടയിലെ ശരീരാംശങ്ങള്‍ അടക്കം കൃത്യമായ തെളിവായി സ്ഥിരീകരിക്കപ്പെട്ടതും ഗോവിന്ദച്ചാമിയുടെ കുറ്റകൃത്യം സംശയാതീതമായി തെളിയിക്കപ്പെട്ടതുമാണ്. ആ തെളിവുകളുടെ പശ്ചാത്തലത്തിലാണ് വിചാരണക്കോടതി ശിക്ഷ വിധിച്ചത്.


എന്നാല്‍, സുപ്രീംകോടതി ഇപ്പോള്‍ നടത്തിയിട്ടുള്ള വിധിപ്രസ്താവം വിചാരണക്കോടതിയിലടക്കം തെളിവായി അംഗീകരിക്കപ്പെട്ട കാര്യങ്ങളെ അവിശ്വസിക്കുംവിധമുള്ളതാണ്. ഇത് ഒരു ശിക്ഷയേ ആകുന്നില്ല. സാമാന്യബുദ്ധിക്ക് അംഗീകരിക്കാന്‍ വിഷമമുള്ളതും മനുഷ്യത്വത്തിന് വില കല്‍പ്പിക്കുന്ന ആരെയും ഉത്കണ്ഠപ്പെടുത്തുന്നതുമാണ് ഈ വിധി.


2011 ഫെബ്രുവരി ഒന്നിന് എറണാകുളം - ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലില്‍ യാത്രയ്ക്കിടെയാണ് സൗമ്യ കൊല്ലപ്പെട്ടത്. വനിതാ കന്പാര്‍ട്ട്മെന്‍റില്‍ ഒറ്റയ്ക്കായിരുന്ന സൗമ്യയെ ട്രെയിനില്‍ കയറിയ തമിഴ്നാട് സ്വദേശിയായ ഒറ്റക്കയ്യന്‍ ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ടു. ഗുരുതരമായി പരുക്കേറ്റ സൗമ്യയെ അതിക്രൂരമായി ബലാത്സാംഗം ചെയ്തുവെന്നാണ് കേസ്.