SpiceJet : ജിദ്ദ - കോഴിക്കോട് സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി കൊച്ചിയിൽ ഇറക്കി
SpiceJet Kochi Emegency Landing വിമാനത്തിന് ഹൈഡ്രോളിക് തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്
കൊച്ചി : സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്കുള്ള സ്പൈസ്ജെറ്റ് വിമാനം അടിയന്തരമായി നെടുമ്പാശ്ശേരി കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. സ്പൈസ്ജെറ്റിന്റെ എസ്ജി 036 എന്ന വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകാരർ സംഭവിച്ചതിനെ തുടർന്നാണ് അടിയന്തര നടപടി. ജിദ്ദയിൽ നിന്നും 183 യാത്രക്കാർ അടക്കം 197 പേർ വിമാനത്തിലുണ്ടായിരുന്നു.
കൊച്ചി വിമാനത്താവളത്തിന്റെ മുകളിലായി മൂന്ന് തവണ ശ്രമിച്ചതിന് ശേഷം അവസാനം റൺവെയിൽ വിമാനം ഇറക്കിയത്. എയർപ്പോർട്ടിൽ ഹൈ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ആദ്യ കോഴിക്കോട് വിമാനം ഇറക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ടേബിൾ ടോപ് റൺവെ ആയതിനാൽ അപകട സാധ്യതയുള്ളത് കൊണ്ട് ശ്രമം ഒഴിവാക്കുകയായിരുന്നു.
വൈകിട്ട് 6.30തോടെ സ്പൈസ്ജെറ്റിന്റെ എസ്ജി 036ക്കായി കൊച്ചി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് 19.19തോടെ വിമാനം സുരക്ഷിതമായി കൊച്ചിയിലെ റൺവെ ഇറക്കി. ശേഷം ഹൈ അലേർട്ട് പിൻവലിക്കുകയും ചെയ്തു.