Sri Lanka crisis: `ശ്രീലങ്കയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നു, ഇന്ത്യ സഹായം നൽകും`; അഭയാർഥി പ്രതിസന്ധിയില്ലെന്നും വിദേശകാര്യമന്ത്രി
S Jaishankar: ഇന്ത്യയ്ക്ക് നിലവില്‍ അഭയാര്‍ത്ഥി പ്രതിസന്ധിയില്ലെന്ന് ജയ്ശങ്കർ. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ശ്രീലങ്കയുമായി നല്ല ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. എല്ലാ കാലവും ഇന്ത്യ ശ്രീലങ്കയെ സഹായിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയിൽ നിന്ന് പുറത്തുവരാൻ അവർ ശ്രമിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് നിലവില്‍ അഭയാര്‍ത്ഥി പ്രതിസന്ധിയില്ലെന്നും ജയ്ശങ്കർ പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുമായുള്ള സംവാദത്തിന് തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു മാധ്യമപ്രവർത്തകരോട് വിദേശകാര്യമന്ത്രി പ്രതികരണം നടത്തിയത്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശ്രീലങ്കയിൽ പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജിവച്ച പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ വസതിക്ക് പ്രക്ഷോഭകാരികൾ തീയിട്ടു. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ ജനങ്ങൾ കയ്യേറിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ വസതിക്ക് പ്രക്ഷോഭകാരികൾ തീവച്ചത്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ രാജിവച്ചതിന് പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്സെയും രാജിസന്നദ്ധത അറിയിച്ചു. രജപക്സേ ജൂലൈ 13 ബുധനാഴ്ച പ്രസിഡന്‍റ് സ്ഥാനം രാജിവയ്ക്കുമെന്നാണ് സ്പീക്കർ അറിയിച്ചത്.
പ്രതിഷേധക്കാർ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കി അവിടെ തുടരുകയാണ്. ഗോതബയ രജപക്സെ രാജിവയ്ക്കുമെന്ന് അറിയിച്ചിട്ടും പ്രതിഷേധക്കാർ പിൻതിരിയാൻ തയാറല്ല. ഗോതബയ രജപക്സെ എവിടെയാണ് എന്നുള്ളത് ഇപ്പോഴും വ്യക്തമല്ല. പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ പ്രതിഷേധക്കാർ അവിടെ തന്നെ അന്തിയുറങ്ങുകയും അർധരാത്രിയും നടുത്തളത്തിൽ നൃത്തം ചവിട്ടുകയുമായിരുന്നു. പ്രസിഡന്റിന്റെ വസതി കീഴടക്കിയ പ്രക്ഷോഭകാരികൾ അവിടുത്തെ സ്വിമ്മിങ്ങ് പൂളിൽ കുളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
രാജ്യത്ത് പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ ജൂലൈ ഒമ്പതിനാണ് പ്രധാനമന്ത്രി വിക്രമസിംഗെ രാജി പ്രഖ്യാപിച്ചത്. സർവകക്ഷി സർക്കാരിന് അധികാരം കൈമാറാൻ തയ്യാറാണെന്നും വിക്രമസിംഗെ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിൽ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പലസ്ഥലങ്ങളിലും പോലീസ് ഉദ്യോഗസ്ഥരും സൈനികരും പ്രക്ഷോഭക്കാരോടൊപ്പമാണെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്. ലങ്കൻ കായിക താരങ്ങളും പ്രക്ഷോഭത്തിനായി രംഗത്ത് എത്തിയിരുന്നു. ലങ്കയുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ് ഇതെന്ന് കുമാര സംഗക്കാര പറഞ്ഞു. പ്രക്ഷോഭത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചാണ് കുമാര സംഗക്കാര ഇത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യയും പ്രക്ഷോഭത്തിൽ അണിചേർന്നിട്ടുണ്ട്. പ്രക്ഷോഭത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പോലീസുകാർക്കും പ്രക്ഷോഭത്തിനിടെ പരിക്കേറ്റിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...