Food Safety Department: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന; വർക്കലയിലെ മത്സ്യ മാർക്കറ്റിൽ നിന്ന് പഴകിയ മത്സ്യം പിടികൂടി
അമോണിയ കലർത്തിയ പഴകിയ മത്സ്യങ്ങൾ പുന്നമൂട് മാർക്കറ്റിൽ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം സ്പെഷ്യൽ സ്‌കോഡ് പരിശോധന നടത്തിയത്.
Food Safety Department: തിരുവനന്തപുരം: വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ ഭക്ഷ്യസുരക്ഷാ വിഭാഗം സ്പെഷ്യൽ സ്‌കോഡ് നടത്തിയ പരിശോധനയിൽ പഴകിയ മത്സ്യം പിടികൂടി. 35 കിലോയോളം അമോണിയ കലർന്ന മത്സ്യമാണ് പിടിച്ചെടുത്തത്. പുന്നമൂട് മാർക്കറ്റിൽ പഴകിയ മത്സ്യം വിൽക്കുന്ന സ്ഥിരമാണെന്നുള്ള പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌പെഷ്യൽ സ്‌കോഡ് പരിശോധന നടത്തിയത്. മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിലാണ് 35 കിലോയോളം മത്സ്യത്തിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയത്. 25 കിലോ ചെമ്പല്ലി, 10 കിലോ ചൂര എന്നിവയാണ് അമോണിയ കലർത്തി മാർക്കറ്റിൽ വിൽപ്പനക്ക് എത്തിച്ചിരുന്നത്.
തുടർന്ന് ഈ മത്സ്യങ്ങൾ നശിപ്പിക്കുന്നതിനുള്ള നടപടിയും ഭക്ഷ്യസുരക്ഷാ വിഭാഗം കൈക്കൊണ്ടിരുന്നു. വരും ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ പ്രവീൺ അറിയിച്ചു. മാർക്കറ്റിൽ തന്നെ വിൽപന നടത്തി വന്നിരുന്ന എക്സ്പെയറി ഡേറ്റ് ഇല്ലാത്ത പാക്കറ്റ് ബേക്കറി ഉൽപ്പന്നങ്ങൾ മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ വിൽപന നടത്താവൂ എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
Also Read: അരിക്കൊമ്പന്റെ സഞ്ചാരം നിരീക്ഷിക്കാൻ വനംവകുപ്പ്; രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിലെത്തി
അതേസമയം കഴിഞ്ഞ ദിവസം അമരവിള എക്സൈസ് ചെക്ക് പോസ്റ്റിൽ പുഴുവരിച്ച മത്സ്യം പിടികൂടിയിരുന്നു. തിങ്കളാഴ്ചയാണ് സംഭവം. തമിഴ്നാട് മുട്ടത്ത് നിന്നും ആലുവയിലേക്ക് കൊണ്ട് പോയ രണ്ട് കണ്ടയ്നർ മീനാണ് അമരവിള എക്സൈസ് പിടികൂടിയത്. വാഹന പരിശോധനയ്ക്കിടയിൽ കണ്ടെയ്നറിന്റെ ഡോറ് തുറന്നപ്പോഴേക്കും പുഴു വരിച്ച നിലയിൽ മത്സ്യം കണ്ടെത്തുകയായിരുന്നു. മുട്ടം സ്വദേശികളായ പ്രകാശ്, വിനോദ് എന്നിവരായിരുന്നു വാഹനത്തിന്റെ ഡ്രൈവർമാർ.
തുടർന്ന് ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം വാഹനം തമിഴ്നാട്ടിലേക്ക് തന്നെ തിരികെ വിടുകയും ചെയ്തു. എന്നാൽ മീൻ നശിപ്പിക്കാതെ തമിഴ്നാട്ടിലേക്ക് വിട്ടയച്ചതിൽ ജനങ്ങളിൽ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. അതിർത്തി വഴി വീണ്ടും ഈ മത്സ്യം കേരളത്തിലേക്ക് തന്നെ കടന്നുവരും എന്നുള്ള ആശങ്കയാണ് പ്രതിഷേധത്തിന് കാരണമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...