തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന കെ -റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാട്ടിൽ പ്രളയവും വെള്ളപ്പൊക്കവും കൊണ്ട് ജനങ്ങൾ കഷ്ടപ്പെടുമ്പോൾ പിണറായി സർക്കാർ കെ-റെയിലിന് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കെ-റെയിലിനായുള്ള പിണറായി സർക്കാരിന്റെ പിടിവാശിക്ക് പിന്നിൽ വലിയ സാമ്പത്തിക താത്പര്യമാണുള്ളത്. സഹസ്രകോടിക്കണക്കിന് രൂപയുടെ കടക്കെണിയിൽ കേരളത്തെ എത്തിക്കാൻ മാത്രമേ ഈ പദ്ധതി ഉപകരിക്കൂ. എന്ത് സമ്മർദ്ദമുണ്ടായാലും കേന്ദ്രസർക്കാർ കെ-റെയിൽ പദ്ധതിക്ക് അംഗീകാരം നൽകരുതെന്നാണ് കേരള ബിജെപിയുടെ നിലപാട്. ലാഭകരമല്ലാത്തതും ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്തതുമായ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണം.


ക്വോറി മാഫിയകളെ സഹായിക്കുന്ന സംസ്ഥാന സർക്കാർ നിലപാടാണ് പ്രകൃതി ദുരന്തത്തിന് പ്രധാനകാരണം. ദുരന്തത്തിന് പിറ്റേ ദിവസം മുതൽ ഖനനം ആരംഭിക്കാൻ അനുമതി നൽകിയത് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ സമീപനമാണ്. ഗാഡ്ഗിൽ റിപ്പോർട്ട് തള്ളിയതാണ് സംസ്ഥാനത്തിന് തിരിച്ചടിയാവുന്നത്. 


ദുരന്തബാധിതർ താമസിക്കുന്ന ക്യാമ്പുകളിൽ പോകാൻ മുഖ്യമന്ത്രി തയ്യാറാവണം. പ്രളയബാധിതരെ സഹായിക്കാൻ അവിടെ സർക്കാർ സംവിധാനങ്ങളൊന്നുമില്ല. കൊച്ചുകുട്ടികൾക്ക് പോലും അവശ്യ സാധനങ്ങൾ എത്തിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. കഴിഞ്ഞ പ്രളയങ്ങളിൽ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് എവിടെ എത്തി എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. റീബിൽഡ് കേരളയ്ക്കായി പിരിച്ചെടുത്ത കോടികൾ എവിടെ? പുത്തുമലയിലും കവളപ്പാറയിലും പെട്ടിമുടിയിലും പുനരധിവാസം നടത്താൻ സർക്കാരിന് കഴിഞ്ഞില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.


ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പിണറായി സർക്കാർ കെ-റെയിലിന്റെ പിറകെ ഓടുന്നത്. ജനങ്ങൾക്ക് വേണ്ടിയല്ല മറിച്ച് തങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മെട്രോമാൻ ഇ-ശ്രീധരൻ വെച്ച കെ-റെയിൽ ബദൽ പദ്ധതി ചർച്ച ചെയ്യാൻ പിണറായി സർക്കാർ തയ്യാറാവാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.


വനിതാകമ്മീഷനും ശിശുക്ഷേമ സമിതിയും ആരുടെ താത്പര്യമാണോ സംരക്ഷിക്കേണ്ടത് അതിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നത്. ശിശുക്ഷേമ സമിതി രാഷ്ട്രീയ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നതിന്റെ ഉദ്ദാഹരണമാണ് തിരുവനന്തപുരത്ത് കുഞ്ഞിനെ തട്ടിയെടുത്ത കേസ്. സാംസ്ക്കാരിക നായകൻമാരും വനിതാപ്രവർത്തകരും ഈ കാര്യത്തിൽ ഇടപെടാത്തത് ദുരൂഹമാണ്. അങ്ങേയറ്റം നിയമവിരുദ്ധവും ധാർമ്മികവിരുദ്ധവുമായ കാര്യം ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്നിട്ടും സിപിഎമ്മും സർക്കാരും മൗനത്തിലാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.