തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ  നിർമ്മാണത്തിന്  കരിങ്കല്ലുമായി പോയ  ലോറിയിൽ നിന്നും  കരിങ്കല്ല് തെറിച്ചുവീണ് ബി.ഡി. എസ്. വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ  കമ്മീഷൻ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച  പരിശോധിച്ച്  ജില്ലാ കളക്ടറും  ജില്ലാ പോലീസ് മേധാവിയും  10  ദിവസത്തിനകം  റിപ്പോർട്ട്  സമർപ്പിക്കണമെന്ന് കമ്മീഷൻ  ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ  അംഗവുമായ  കെ.  ബൈജൂനാഥ്  ആവശ്യപ്പെട്ടു.  ഏപ്രിൽ 2 ന് തിരുവനന്തപുരം കമ്മീഷൻ  ഓഫീസിൽ നടക്കുന്ന  സിറ്റിംഗിൽ കേസ്  പരിഗണിക്കും. വാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.


മുക്കോല സ്വദേശിയായ ബിഡിഎസ് വിദ്യാർഥി അനന്തു (24) ആണ് മരിച്ചത്. നിംസ് കോളേജിലെ നാലാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്നു അനന്തു. തുറമുഖത്തിന് സമീപം മുക്കോല ജങ്ഷനിൽ ചൊവ്വാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ലോറിയിൽ നിന്ന് തെറിച്ചുവീണ കല്ല് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അനന്തുവിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.